Malayalam Article

എന്റെ ചിന്തകള്‍ വരുന്നത് കാലിനിടയിലെ അവയവത്തില്‍ നിന്നല്ല! തലച്ചോറില്‍ നിന്നാണ്!! ചര്‍ച്ചയായി ഡോ. ഷിംനയുടെ കുറിപ്പ്

സാമൂഹ്യ വിഷയങ്ങളില്‍ തന്റെ നിലപാടും കാഴ്ച്ചപ്പാടും വ്യക്തമാക്കി രംഗത്ത് വരുന്ന വ്യക്തിയാണ് ഡോ. ഷിംന അസീസ്. എന്നും ഇവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ചര്‍ച്ചയായി മാറാറുണ്ട്. കഴിഞ്ഞ ദിവസം രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കിയ വിധിയെ പ്രശംസിച്ച് ഷിംന രംഗത്ത് എത്തിയിരുന്നു . ഇതിന് ശേഷം ഇവര്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. താന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ അനുയോജ്യമല്ലാത്ത കമന്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് ഇത്തവണ ഷിംന എത്തിയിരിക്കുന്നത്.

എന്തെങ്കിലും ഒരു വിഷയത്തില്‍ പോസ്റ്റിട്ടാല്‍ അതിന്റെ താഴെ വന്ന് ഇത് നിങ്ങളുടെ കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ ഈ നിലപാടായിരിക്കുമോ, അപ്പൂപ്പന്റെ കാര്യമാവുമ്പോ ആ നിലപാടായിരിക്കുമോ എന്നൊക്കെ ചോദിച്ചോണ്ട് വരുന്നവരുടെ ശ്രദ്ധയ്ക്ക്…എന്ന് കുറിച്ചുകൊണ്ടാണ് ഷിംന പോസ്റ്റ് എഴുതി തുടങ്ങിയിരിക്കുന്നത്. താന്‍ പറയുന്നത് പോകുന്നിടത്തെല്ലാം പ്രാവര്‍ത്തികമാക്കാറുണ്ട് എന്നാണ് ഇവര്‍ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്. പണ്ട് സര്‍ക്കാരിന്റെ മീസില്‍സ് റുബെല്ല ക്യാമ്പെയിനിനിടയില്‍ ‘ഇത് കുട്ടികള്‍ക്ക് പോലും കൊടുക്കാന്‍ പറ്റുന്ന സേഫായ വാക്‌സിനാണെങ്കില്‍ ഡോക്ടറൊന്ന് എടുത്ത് കാണിക്കാമോ…’

എന്ന ചോദ്യം സദസ്സില്‍ നിന്നുയര്‍ന്നപ്പോള്‍ അതിന്റെ മറുപടി നിഷേധമായിരുന്നെങ്കില്‍ അത് അവിടെ കൂടിയ നൂറുകണക്കിനാളുകള്‍ക്കും, പിന്നെ ആ വിഷയം വാട്‌സപ് വിഷമായി പ്രചരിച്ചാല്‍ അത് എത്രായിരം ആളുകള്‍ക്കും വാക്‌സിനിലെ വിശ്വാസം കുറച്ചേക്കും എന്നോര്‍ക്കാനും, സദസ്സിനു മുന്നില്‍ വച്ച് തന്നെ പരസ്യമായി വാക്‌സിനേഷന്‍ സ്വീകരിക്കാനും ഒരു നിമിഷത്തെ ആലോചന പോലും വേണ്ടി വന്നിട്ടില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഹോമോസെക്ഷ്വാലിറ്റി എന്നത് ഹെട്രോസെക്ഷ്വാലിറ്റി പോലെ നോര്‍മലായ ഒന്നാണ് എന്ന് താന്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നാളെ എന്റെ മക്കളോ കുടുംബത്തില്‍ മറ്റാരെങ്കിലുമോ ആയാലും താന്‍ അത് സ്വീകരിക്കും എന്നാണ് ഇവര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഈയുള്ളവളുടെ ചിന്തകള്‍ വരുന്നത് രണ്ട് കാലിനിടയിലെ അവയവത്തില്‍ നിന്നല്ല, രണ്ട് ചെവിക്കിടയിലെ തലച്ചോറില്‍ നിന്നാണ്. അതിന്റെ വ്യത്യാസം വാക്കിലും പ്രവര്‍ത്തികളിലും കാണുക തന്നെ ചെയ്യുമെന്ന് കുറിച്ചാണ് ഷിംന ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Aswathy