ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു, ദൃശ്യം രണ്ടിനെക്കുറിച്ച് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു, ദൃശ്യം രണ്ടിനെക്കുറിച്ച് ആരാധകർ

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദൃശ്യം 2. മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി വീണ്ടും എത്തുന്ന ചിത്രം പ്രഖ്യാപന വേള മുതല്‍ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ലാലേട്ടനൊപ്പം ആദ്യഭാഗത്തിലെ താരങ്ങളും ഒപ്പം ചില പുതിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്.

അതേസമയം ദൃശ്യം 2വിന്റെതായി വന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പുതുവത്സര ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ റിലീസിനൊപ്പം സിനിമ ആമസോണ്‍ പ്രൈം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതേസമയം വിവാദമായ ഒരു റിലീസ് പ്രഖ്യാപനം കൂടിയായിരുന്നു ദൃശ്യം 2വിന്‌റെതായി നടന്നത്.

ദൃശ്യം 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി പൂര്‍ത്തിയായിട്ടുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.റിലീസിനെ കുറിച്ചും സംവിധായകന്‍ സൂചന നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍. റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയതിന് പിന്നാലെ സംവിധായകനോട് അഭ്യര്‍ഥനയുമായി പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ദൃശ്യം 2 തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.

സംവിധായകന്‍ ജീത്തു ജോസഫിന്റെ പോസ്റ്റിന് കമന്റായിട്ടാണ് ആരാധകര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തിയേറ്ററിലൂടെ റിലീസ് ചെയ്യണമെന്നും ആളുകളെ വീണ്ടും തിയേറ്ററില്‍ എത്തിക്കാന്‍ ഈ ചിത്രത്തിനേ കഴിയുള്ളൂവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. 100 കോടി കിട്ടേണ്ട ചിത്രമായിരുന്നെന്നും അത് കൊണ്ടുപോയി ആമസോണിന് കൊടുത്തു മലയാളികളോട് ചതി കാണിച്ചുവെന്നും ആരാധകര്‍ കമന്റില്‍ പറയുന്നു.

ദൃശ്യം 2വിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത്, അനീഷ് ജി മേനോന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മുരളി ഗോപി, ഗണേഷ് കുമാര്‍, സായികുമാര്‍, കൃഷ്ണ, ജോയ് മാത്യൂ, അഞ്ജലി നായര്‍, ബോബന്‍ സാമുവല്‍ തുടങ്ങിയ പുതിയ താരങ്ങളും ദൃശ്യം 2വില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!