‘പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നിര്‍ത്താന്‍ പോകുന്നില്ല’ ദുര്‍ഗ കൃഷ്ണ

ഇന്റിമേറ്റ് സീനുകളില്‍ സ്ത്രീകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നതിനെതിരെ നടി ദുര്‍ഗാകൃഷണ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിന് എന്താണ് വേണ്ടത് അത് ചെയ്യുക എന്നുള്ളത് തന്റെ കടമയാണെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

‘ഞാന്‍ ഒരു ആര്‍ടിസ്റ്റാണ് എന്റെ കഥാപാത്രത്തിന് എന്താണ് വേണ്ടത് അത് ചെയ്യുക എന്നുള്ളത് എന്റെ കടമയാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്നത് ദുര്‍ഗ കൃഷ്ണയെ അല്ല ആ കഥാപാത്രത്തെയാണ്. യഥാര്‍ഥ ജീവിതത്തിലെ ദുര്‍ഗ, ഷൈനി അല്ല. പക്ഷേ ആളുകള്‍ ആ വ്യത്യാസം കാണുന്നില്ല. അവര്‍ക്ക് എല്ലാം ചെയ്യുന്നത് ദുര്‍ഗയാണ് എന്ന ഭാവമാണ്. മുന്‍പ് പറഞ്ഞത് മാത്രമേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ, ആ സീനുകളില്‍ ഒന്നും ഞാന്‍ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു, എന്നെ മാത്രം എന്താണ് വിമര്‍ശിക്കുന്നതെന്ന് മനസിലാകുന്നില്ല.

കുടുക്ക് എന്ന സിനിമയിലെ പാട്ട് റിലീസ് ആയപ്പോഴും ആളുകള്‍ ഇത്തരത്തിലാണ് പ്രതികരിച്ചത്. കുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ എന്നുള്ളത് പറയുന്നവര്‍ ആലോചിച്ചാല്‍ നന്നായിരുന്നു. ഇതില്‍ എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നിര്‍ത്താന്‍ പോകുന്നില്ല.

അതുപോലെ തന്നെ എന്റെ അഭിനയം നിര്‍ത്താന്‍ ഞാനും ഉദ്ദേശിക്കുന്നില്ല. ഇന്റിമേറ്റ് സീനിനു വേണ്ടി ഞാന്‍ സിനിമ ചെയ്യുകയല്ല. സിനിമയ്ക്ക് അത് അത്യാവശ്യമാണെങ്കില്‍ അത് ചെയ്യും അത്രമാത്രം. നല്ല കഥാപാത്രം കിട്ടിയാല്‍ അത് എന്ത് തരം കഥാപാത്രമായാലും അതിനോട് നൂറുശതമാനം നീതിപുലര്‍ത്തും. ഒരു കലാകാരി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണ് അതെന്നും താരം വെളിപ്പെടുത്തി.

Gargi