അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

Follow Us :

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഐഎസ്ആർഒ. 370 മീറ്റര്‍ വ്യാസമുള്ള അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നൂറ്റാണ്ടിൽ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും. ഭൂമിയിൽ ഇടിച്ചാൽ വംശനാശം വരെ സംഭവിക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. ഇത്തരം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ ഏജന്‍സികള്‍. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസയും വ്യക്തമാക്കിയിരുന്നു.

അത്യന്തം അപകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രിൽ 13 നും വീണ്ടും 2036 ലും ഭൂമിക്ക് തൊട്ടടുത്തെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ സോമനാഥ് ഇപ്പോൾ വ്യക്തമാക്കിയത്. 370 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹത്തിനു ഭൂമിയിൽ കൂട്ടവംശനാശം ഉണ്ടാക്കാനുള്ള ശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ അതിന്റെ ആഘാതം മൂലം ഭൂമിയിലെ മിക്ക ജീവജാലങ്ങളും നശിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌ ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു ആഘാതമാണ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായതെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ ഛിന്നഗ്രഹങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സോമനാഥ് വ്യക്തമാക്കി. ഐഎസ്ആർഒയും ഇക്കാര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 70 -80 വര്‍ഷം വരെയാണ് മനുഷ്യരുടെ സാധാരണ നിലയിലുള്ള ആയുസ്. ഇക്കാലയളവിനിടെയിലെ ജീവിതത്തില്‍ ഇത്തരമൊരു ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നിട്ടില്ല.

അതുകൊണ്ട് തന്നെ ഇവയൊന്നും സാധ്യമല്ലെന്ന് നാം ധരിക്കുന്നു. എന്നാല്‍ ചരിത്രം പരിശോധിച്ച് നോക്കൂവെന്നും ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി കൂട്ടുമുട്ടുന്നതൊക്കെ സാധാരണമാണ് എന്നും ഇസ്രോ തലവൻ പറഞ്ഞു. ഒരു ഛിന്നഗ്രഹം വ്യാഴവുമായി കൂട്ടിയിടിക്കുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിഭാസം ഭൂമിയില്‍ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കും. ഇതെല്ലാം സാധ്യതകളാണ്. നാം അതിനായി തയാറെടുത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു. ഭൂമിയ്ക്ക് ഇങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല നാം. മനുഷ്യനും ജീവന്റെ എല്ലാ കണികയും ഇവിടെ നിലനില്‍ക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ മേല്‍പ്പറഞ്ഞ പോലെയുള്ള പ്രതിഭാസത്തെ ചെറുക്കാന്‍ ഒരു പക്ഷേ നമുക്കായെന്ന് വരില്ല. അതിനെതിരെയുള്ള ബദല്‍ മാര്‍ഗങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അതായത് അത്തരം ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നതിനെ നേരത്തെ കണ്ടെത്തി അതിന്റെ ഗതി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവലംബിക്കണം. ചിലപ്പോള്‍ ഇത് അസാധ്യമായേക്കാം. അതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കണം എന്നും എസ് സോമനാഥ് പറഞ്ഞു.

സമീപ വർഷങ്ങളിൽ നടത്തിയ ഛിന്നഗ്രഹ പര്യവേക്ഷണങ്ങളും നിരവധി ശാസ്ത്രീയ ദൗത്യങ്ങളും ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള ധാരണ നേരത്തേയുള്ളതിൽനിന്ന് ഉയർത്തിയിട്ടുണ്ട്. ഭൂമിയുടെ സംരക്ഷണത്തിനായി കേന്ദ്രീകൃത പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠനം നടത്തിവരികയാണ്. അതിന്റെ ഭാഗമായി നിലവില്‍ വന്ന ഡാര്‍ട്ട് മിഷന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തിവരികയാണെന്ന് ഐഎസ്ആര്‍ഒയും പറഞ്ഞു. അതേസമയം 1908ല്‍ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്‌ക വനമേഖലയില്‍ ഛിന്നഗ്രഹമെന്ന് കരുതുന്ന ബഹിരാകാശ വസ്തു പൊട്ടിത്തെറിഞ്ഞ് 2,200 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനഭൂമി കത്തിനശിച്ചിരുന്നു. എട്ട് കോടിയോളം മരങ്ങളാണ് ഈ അപകടത്തില്‍ നശിച്ചത്. 2013 ൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള പാറക്കഷണം റഷ്യയിലെ ചെല്യബിൻസ്‌കിയുടെ ആകാശത്ത് പൊട്ടിത്തെറിച്ചു. ഹിരോഷിമയിലെ അണുവിസ്‌ഫോടനത്തിന്റെ മൂന്നിരട്ടി തീവ്രതയായിരുന്നു ഇതിന്. ഒട്ടേറെ വീടുകൾ നശിക്കുകയും 1600 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അതേസമയം ഛിന്നഗ്രഹ അപകടങ്ങളിൽ ഏറ്റവും മാരകം 6.6 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നടന്ന ചിക്‌സുലബ് ഛിന്നഗ്രഹ പതനമാണ്. 10- 15 കിലോമീറ്റർ വരെ വലുപ്പമുള്ള വമ്പൻ ഛിന്നഗ്രഹം മെക്‌സിക്കോയിലെ യൂക്കാട്ടാനിൽ വീണു. ഇതിന്റെ ആഘാതം മൂലമുണ്ടായ പരിസ്ഥിതി മാറ്റങ്ങളിൽ ദിനോസറുകൾക്കു വംശനാശം വരികയും ഭൂമിയിൽ അന്നുണ്ടായിരുന്ന ജീവിവർഗങ്ങളുടെ മുക്കാൽഭാഗവും നശിക്കുകയും ചെയ്തു .