പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ഇലവീഴാപൂഞ്ചിറ’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇടിമിന്നല്‍ വെളിച്ചത്തില്‍ ‘ഇലവീഴാപൂഞ്ചിറ’ യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഇടിയും മിന്നലും നിറഞ്ഞ രാത്രി, കടുത്ത മഴക്കായ് ഒരുങ്ങി നില്ക്കുന്ന രാത്രി, ആവേശത്തോടെ വീശിയെത്തുന്ന കാറ്റ്, ഇതിനെ അതിജീവിക്കാനൊരുങ്ങി നില്ക്കുന്ന സൗബിന്. ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു.
സൗബിന് ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് നിര്‍മ്മിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിധീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്കുണ്ട്. പൊലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ക്യാരക്ടര്‍ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.