Malayalam Article

ജോലി ഒഴിവാക്കിയുള്ള ഓണാഘോഷം വേണ്ട..! ഓണസദ്യ വലിച്ചെറിഞ്ഞ് തൊഴിലാളികളുടെ അതിര് വിട്ട പ്രതിഷേധം!

ജോലി ഒഴിവാക്കിയുള്ള ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന അധികൃതരുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ഒരുകൂട്ടം തൊഴിലാളികള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ജോലി ഒഴിവാക്കി പരിപാടി നടത്തേണ്ട എന്ന് പറഞ്ഞതോടെ തയ്യാറാക്കിയ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഈ വിശേഷ ദിനത്തിലും തെരുവില്‍ അലയുന്നവരുണ്ട്. ഇത്രയും ധിക്കാരം പാടില്ലെന്നാണ് വീഡിയോ കണ്ടവര്‍ വിമര്‍ശിക്കുന്നത്. തിരുവനന്തപും സര്‍ക്കിള്‍ ഓഫീസുകളില്‍ ഇന്നലെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്… എന്നാല്‍ ജോലി ഒഴിവാക്കിയുള്ള ആഘോഷ പരിപാടികള്‍ വേണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് കഴിക്കാനായി തയ്യാറാക്കിയ ഓണസദ്യ മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്ക് തൊഴിലാളികള്‍ വലിച്ചെറിഞ്ഞത്. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചത്.

രാവിലെ മുതല്‍ പരിപാടികള്‍ തുടങ്ങാന്‍ ആയിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജോലി സമയത്തെ ഒരുപാട് വെട്ടിക്കുറച്ച് കൊണ്ടുള്ള ആഘോഷം വേണ്ടെന്നും ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കം നിര്‍ദേശിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. മുപ്പത് പേര്‍ക്കുള്ള ഭക്ഷണമാണ് ഇവര്‍ മാലിന്യത്തില്‍ ഉപേക്ഷിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നാണ് ഇതിന് ന്യായീകരണമായി യൂണിയന്‍ പറയുന്നത്. ജോലി കഴിഞ്ഞ് കുളിക്കാന്‍ പോലും സാധിക്കാതെയാണ് എത്തിയത് എന്നും ഇവര്‍ പറഞ്ഞു.

Nikhina