‘എന്ത് തേങ്ങയാണിത്!’ ഹിറ്റായി ഒരു തേങ്ങാ വിഭവം

‘എന്ത് തേങ്ങയാണിത്!’ സോഷ്യലിടത്ത് ഹിറ്റായി ഒരു ഭക്ഷണ വിഭവം. നെടുങ്കണ്ടം ബിഎഡ് കോളജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഭക്ഷ്യമേളക്കിടെയാണ് വ്യത്യസ്തമായ ‘എന്ത് തേങ്ങയാണിത്’ എന്ന വിഭവം അവതരിച്ചത്. കോളജിലെ ഫിസിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ…

‘എന്ത് തേങ്ങയാണിത്!’ സോഷ്യലിടത്ത് ഹിറ്റായി ഒരു ഭക്ഷണ വിഭവം. നെടുങ്കണ്ടം ബിഎഡ് കോളജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഭക്ഷ്യമേളക്കിടെയാണ് വ്യത്യസ്തമായ ‘എന്ത് തേങ്ങയാണിത്’ എന്ന വിഭവം അവതരിച്ചത്.

കോളജിലെ ഫിസിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പാലക്കാട് സ്വദേശിയായ ധനേഷ് കുമാറാണ് തേങ്ങ വിഭവം ഉണ്ടാക്കിയത്. തേങ്ങ ചിരകിയത്, തേങ്ങപ്പാല്‍, പാല്‍, പഞ്ചസാര, ഏലയ്ക്ക പിന്നെ മറ്റ് ചില രഹസ്യ സംഗതികളും ചേര്‍ത്താല്‍ ധനേഷിന്റെ എന്ത് തേങ്ങയാണിത് എന്ന വിഭവം തയാര്‍. സംഗതി തയാറാക്കിയ ശേഷമാണ് പേരീടല്‍ ചടങ്ങ് നടത്തിയത്.

125 വിഭവങ്ങളുമായി നെടുങ്കണ്ടം ബിഎഡ് കോളജ് വിദ്യാര്‍ഥികളുടെ ഭക്ഷ്യമേള. ഇന്നലെ രാവിലെ 9 മുതല്‍ 12 വരെയാണ് വിദ്യാര്‍ഥികള്‍ക്കായി വിഭവങ്ങള്‍ ഒരുക്കുന്ന മത്സരം നടത്തിയത്. 3 ടീമുകളിലായി 40 വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 125 വിഭവങ്ങള്‍ ഒരുക്കി. 3 ടീമുകള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് നെടുങ്കണ്ടം ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫിസാണ്. അര്‍ഷാദും, വിദ്യ എം നായരുടെയും ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി.

ധനേഷ് കുമാറും ഐഡ ട്രീസ ജോസിന്റെ ടീം രണ്ടാം സ്ഥാനവും ആര്യ രവികുമാര്‍ ഐശ്വര്യ ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി. മത്സരാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം എം.എന്‍.ഗോപിയും, എം.സുകുമാരനും ചേര്‍ന്ന് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ രാജീവ് പുലിയൂര്‍, നെടുങ്കണ്ടം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ബിന്ദു സഹദേവന്‍, ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫിസര്‍ ആന്‍ മേരി എന്നിവര്‍ പ്രസംഗിച്ചു.