തൃക്കാക്കരയില്‍ ജോ ജോസഫിനെ തേടി കോണ്‍ഗ്രസ് വയനാട്ടിലേയ്ക്ക്: ആശാന്‍പറമ്പിലെ 44കാരന് എത്ര കിട്ടിക്കാണും

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് തൃക്കാക്കരയില്‍ കൊടി ഉയര്‍ന്നിരിക്കുന്നത്. മൂന്ന് മുന്നണികളും മികച്ച തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറുകയാണ്. സെഞ്ചുറി അടിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം മുന്നേറുമ്പോള്‍ അഭിമാന പോരാട്ടമായാണ് പ്രതിപക്ഷം തൃക്കാക്കര തിരഞ്ഞെടുപ്പിനെ…

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് തൃക്കാക്കരയില്‍ കൊടി ഉയര്‍ന്നിരിക്കുന്നത്. മൂന്ന് മുന്നണികളും മികച്ച തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറുകയാണ്. സെഞ്ചുറി അടിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം മുന്നേറുമ്പോള്‍ അഭിമാന പോരാട്ടമായാണ് പ്രതിപക്ഷം തൃക്കാക്കര തിരഞ്ഞെടുപ്പിനെ കാണുന്നത്. രണ്ട് മുന്നണികളുടെയും രാഷ്ട്രീയത്തെ പൊളിച്ചടുക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ തന്ത്രങ്ങളാണ് മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് ജയിക്കാനായി പയറ്റുന്നത്.

ഇപ്പോഴിതാ അപരനിലൂടെ ഇടതുപക്ഷത്തിന് ലഭിക്കാന്‍ ഇടയുള്ള വോട്ടുകള്‍ മറിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ അപരനെ തേടി നടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുന്‍ എം.എല്‍.എയും എറണാകുളം ജില്ലാ പാര്‍ട്ടി സെക്രട്ടറിയുമായ എം.സ്വരാജാണ് ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വയനാട്ടില്‍ നിന്നും കോണ്‍ഗ്രസിന് ഇത്തരത്തില്‍ ഒരു അപരനെ കിട്ടിയിട്ടുണ്ടെന്നും സ്വരാജ് പറയുന്നു.

സ്വരാജിന്റെ ഫെയ്‌സ്ബുക്ക്  പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ,

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുന്നു. ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്…..
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.


രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേര്‍ന്ന് നടക്കാന്‍ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. യു ഡി എഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോള്‍ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിലെ അണിയറ നീക്കമത്രെ. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കാന്‍മാര്‍ക്ക് ഏതാണ്ട് അതേ പേരില്‍ ഒരാളെ വയാനാട്ടില്‍ നിന്നു കണ്ടു കിട്ടിയെന്നാണ് കോണ്‍ഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി ഇപ്പോള്‍ പറഞ്ഞത് . വയനാട്ടില്‍
ആശാന്‍പറമ്പില്‍ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിയ്ക്കാനാണ് പരിപാടി. അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തില്‍ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. തട്ടിപ്പും തരികിടയും അപരനെ നിര്‍ത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്.

അപരനെ നിര്‍ത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടതെന്ന രാഷ്ട്രീയ ധാര്‍മികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം നേടുമെന്നും പോസ്റ്റില്‍ പറയുന്നു.