‘ശരീരത്തിന്റെ സവിശേഷതകൊണ്ടു പിടിച്ചുനില്‍ക്കുന്ന ഒരാളെന്നേ തോന്നിയിട്ടുള്ളൂ അന്നൊക്കെ’

മികച്ച അഭിനയത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. ഇപ്പോഴിതാ താരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് വൈറലാവുകയാണ്. മെലിഞ്ഞു മെലിഞ്ഞ് ഇനി മെലിയാനില്ലാത്ത ശരീരവുമായി മലയാളസിനിമയില്‍ ഓടിനടക്കുന്ന ഇന്ദ്രന്‍സിനെ, ശരീരത്തിന്റെ…

മികച്ച അഭിനയത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. ഇപ്പോഴിതാ താരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് വൈറലാവുകയാണ്. മെലിഞ്ഞു മെലിഞ്ഞ് ഇനി മെലിയാനില്ലാത്ത ശരീരവുമായി മലയാളസിനിമയില്‍ ഓടിനടക്കുന്ന ഇന്ദ്രന്‍സിനെ, ശരീരത്തിന്റെ സവിശേഷതകൊണ്ടു പിടിച്ചുനില്‍ക്കുന്ന ഒരാളെന്നേ തോന്നിയിട്ടുള്ളൂ അന്നൊക്കെ എന്ന് കുറിപ്പില്‍ പറയുന്നു. അതേസമയം സ്വന്തം ഡയറിയില്‍ സിനിമയിലുള്ളവരുടെ അഴകളവുകള്‍ കുറിച്ചു വച്ച് കുപ്പായം തുന്നികൊടുത്ത കെ. സുരേന്ദ്രന്‍, എന്ന ഇന്ദ്രന്‍സ് മലയാളസിനിമയുടെ എക്കാലത്തെയും ഡയറിയില്‍ തന്റെ അടയാളം പതിപ്പിച്ചു കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Indrans2
Indrans

ബിഏ ബിഎഡ്ഡു കാരനായ CID യുടെ കൂടെ, സിഗ്‌നല്‍ പിടിക്കാനുള്ള ആന്റിനപോലൊരെണ്ണം ഉച്ചിയില്‍ വച്ച് ആകാവുന്ന ആരോഗ്യം മുഴുവനും എടുത്തുള്ള ചിരിയുമായി വേദിയിലിരുന്ന് പാടുന്ന, കുടക്കമ്പിയെന്ന് വിളിപ്പേരുള്ള, ആ പെന്‍സില്‍ മാര്‍ക്ക് മനുഷ്യനെ അന്ന് കാണുമ്പോള്‍ നമ്മളോര്‍ത്തിരുന്നോ അയാള്‍ മലയാളസിനിമയുടെ നെറുകയില്‍ കയറിയിരുന്നിങ്ങനെ അയാളുടെ ആ നിഷ്‌കളങ്കമായ ചിരി ചിരിക്കുമെന്ന്. സംസ്ഥാനത്തെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങി കയ്യില്‍ വച്ച്, അയ്യോ ഞാനിപ്പോ എന്ത് പറയാനാ എന്ന് ഏത് സാധാരണ സന്ദര്‍ഭത്തിലും എന്നപോലെ ചമ്മി നില്‍ക്കുമെന്ന്. അവാര്‍ഡ് വേദിയിലായാലും അടുത്ത കൂട്ടുകാരുടെ കൂടെയായാലും ഇത്ര വിനയത്തോടെ പെരുമാറാന്‍ കഴിയുന്ന ഒരു മനുഷ്യന്‍ വേറെയുണ്ടോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെയാണ് ഇന്ദ്രന്‍സ് എന്ന നടന്‍ ഏതൊരു മനുഷ്യനും സ്വീകാര്യനായി പ്രേക്ഷക മനസ്സിലിങ്ങനെ നിറഞ്ഞു നില്‍ക്കുന്നതും.


മെലിഞ്ഞു മെലിഞ്ഞ് ഇനി മെലിയാനില്ലാത്ത ശരീരവുമായി മലയാളസിനിമയില്‍ ഓടിനടക്കുന്ന ഇന്ദ്രന്‍സിനെ, ശരീരത്തിന്റെ സവിശേഷതകൊണ്ടു പിടിച്ചുനില്‍ക്കുന്ന ഒരാളെന്നേ തോന്നിയിട്ടുള്ളൂ അന്നൊക്കെ. ഇന്ദ്രന്‍സ് വണ്ണം വച്ചാലും NL ബാലകൃഷ്ണന്‍ മെലിഞ്ഞാലും സിനിമ പിന്നവരെ തിരിഞ്ഞു നോക്കില്ല എന്ന് തന്നെ കരുതി. അഭിനയമല്ലല്ലോ, കോമഡിയല്ലേ ഇവരില്‍ നിന്നും സിനിമയും സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്. പക്ഷേ കിട്ടുന്ന വേഷങ്ങള്‍ക്കനുസരിച്ച് കോമാളി വേഷം കെട്ടിയാടുമ്പോഴും, പക്വമതിയായ ഒരു മനുഷ്യനാണ് താനെന്ന് ഇന്ദ്രന്‍സ് പൊതുവേദികളില്‍ തെളിയിച്ചു. ഒരു സിനിമയ്ക്കു വേണ്ടി മുഖത്ത് ചായമിടുമ്പോഴേക്കും ആകാശത്തെ താരമെന്ന് സ്വയം കരുതുന്നവര്‍ക്കിടയില്‍ ഇരുന്നൂറില്‍ കൂടുതല്‍ സിനിമ കഴിഞ്ഞിട്ടും, പുരസ്‌കാരങ്ങള്‍ പലതും ആ മെല്ലിച്ച കയ്യിലൊതുങ്ങിയിട്ടും ഒരു ചെറിയകുട്ടിയുടെ മുന്നില്‍ പോലും അതിലും ചെറിയവനായി ചിരിച്ചു നിന്നു.
അതിശയിപ്പിച്ചുകൊണ്ടേയിരുന്നു ഈ മനുഷ്യന്‍ ഒരോ സിനിമയിലും. കഥാവശേഷനിലെ, കണ്ണു നട്ടു കാത്തിരുന്നിട്ടും എന്ന പാട്ട് ഒറ്റക്കേള്‍വിയില്‍ തന്നെ മനസ്സിലിടം പിടിച്ച സമയത്ത്, സിനിമയില്‍ ഇന്ദ്രന്‍സാണ് അത് പാടിയതെന്ന് കേട്ടപ്പോ, ഇത്രയും നല്ലൊരു പാട്ടോ? കുളമാക്കിയിട്ടുണ്ടാകുമല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. ഇന്നാണെങ്കില്‍ അങ്ങനെ ചിന്തിക്കില്ല. അന്ന്, ഇന്ദ്രന്‍സെന്നാല്‍ കഴുത്തിലെ എല്ലുകള്‍ എഴുന്നേറ്റു വരുന്നത്ര ആരോഗ്യമെടുത്ത് ഡയലോഗുകള്‍ പറയുന്ന, ആശാനേ അല്ലെകില്‍ മുതലാളീ എന്ന് വിളിച്ച് നായകന്റെ വാലായി നടക്കുന്ന ഒരു കോമാളി മാത്രമായിരുന്നു. എന്നാല്‍ ആ പാട്ടിന്റെ വിഷ്വല്‍സ് കണ്ടപ്പോള്‍ ഇന്ദ്രന്‍സ് നമ്മളുദ്ദേശിക്കുന്ന ആളേയല്ല എന്ന് മനസ്സിലായി. പിന്നീടിങ്ങോട്ട് ഒരോ സിനിമയിലും അതിശയിപ്പിക്കുകയായിരുന്നു ഈ മനുഷ്യന്‍. നിഷ്‌കളങ്കമായ ചിരികൊണ്ട്, വേദനയൂറുന്ന നോട്ടങ്ങള്‍ കൊണ്ട്, നിസ്സഹായതയുടെ തലയനക്കങ്ങള്‍ കൊണ്ട്….. അങ്ങനെയങ്ങനെ മലയാളസിനിമ ആ ചെറിയ മനുഷ്യനില്‍ പല രൂപത്തില്‍ പ്രതിഫലിക്കപ്പെട്ടു.

Indrans

ഒക്കെയും നിറഞ്ഞ സ്‌നേഹത്തോടെ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു. പകരം അദ്ദേഹം നമ്മളെ നോക്കി മോണയുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ പുഞ്ചിരിച്ചു.
ഒരോ സിനിമ കാണുമ്പോഴും, ഹോം കണ്ടപ്പോഴും, ഉള്ളിലൊരതിശയമായ്.. ഒരു പനിനീര്‍ പൂവ് വിരിയുന്നത്ര സാവധാനം വിരിയുന്നൊരു പുഞ്ചിരിയുമായി ഇന്ദ്രന്‍സ് മനസ്സിലങ്ങനെ നിറഞ്ഞു നിന്നെങ്കിലും ഉള്ളില്‍ തുളുമ്പിയ വാക്കുകള്‍ ഇങ്ങനെ പകര്‍ത്തിവക്കാന്‍ കാരണം’ ചോതി’ യാണ്. നാരദനിലെ ജഡ്ജ്. എന്താ ഭംഗി. ഇത്രയും കാലം കസേര നിറഞ്ഞിരുന്ന് ജഡ്ജിയായവരുടെ വിധികേട്ട മലയാള സിനിമ, ഇത്തിരിക്കോളം പോന്ന, ഭാവം കൊണ്ട് ജഡ്ജിയായ ഒരാളെ കണ്ടു കുളിര്‍ന്നു . സൗമ്യതയോടെ സംസാരിക്കുന്നതിനിടയില്‍ ഇടയ്ക്ക് വരുന്ന ആ ഭാവമാറ്റം. എന്താ രസം കാണാന്‍. അഹങ്കാരിയായ ചാനലുകാരന്റെ ആവര്‍ത്തിച്ചുള്ള ധാര്‍ഷ്ട്യത്തിനു മുന്നില്‍ ‘ ഒരിക്കല്‍ തന്നോട് ഞാന്‍ പറഞ്ഞു ‘ എന്ന് പറയുമ്പോള്‍ ആരായാലും എഴുന്നേറ്റുനിന്ന് കയ്യടിച്ചുപോകും.

പേര് കേട്ടാല്‍ തന്നെ ചിരി വരുന്ന കുടക്കമ്പിയില്‍ നിന്നും എഴുന്നേറ്റു നിന്ന് ഹൃദയപൂര്‍വ്വം ഒന്നു ബഹുമാനിക്കാന്‍ തോന്നുന്ന ഇന്ദ്രന്‍സിലേക്ക് അദ്ദേഹത്തെ എത്തിച്ചത് ആ സമര്‍പ്പണബോധവും നിഷ്‌കളങ്കതയുമാണ്. സ്വന്തം ഡയറിയില്‍ സിനിമയിലുള്ളവരുടെ അഴകളവുകള്‍ കുറിച്ചു വച്ച് കുപ്പായം തുന്നികൊടുത്ത കെ. സുരേന്ദ്രന്‍, എന്ന ഇന്ദ്രന്‍സ് മലയാളസിനിമയുടെ എക്കാലത്തെയും ഡയറിയില്‍ തന്റെ അടയാളം പതിപ്പിച്ചു കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ല.
ഇനിയുമൊരുപാട് വേഷപ്പകര്‍ച്ചകളാല്‍, പുരസ്‌കാരങ്ങളാല്‍ മലയാളസിനിമയെ ധന്യമാക്കാന്‍ കഴിയട്ടെ പ്രിയപ്പെട്ട ഇന്ദ്രന്‍ചേട്ടന്.