‘ജയറാമിന്റെ കരിയറില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും മലയാള സിനിമയില്‍ നിന്ന് ഇത്രയും കാലം മാറി നിന്നത്’

ഒരിടവേളയ്ക്ക് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം മകള്‍ നാളെ റിലീസാവുകയാണ്. ഇപ്പോഴിതാ ജയറാമിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്.

ജയറാമേട്ടന്റെ തിരിച്ചു വരവ്
സോഷ്യല്‍ മീഡിയയില്‍ കേട്ട് കേട്ട് മടുത്തു പോയ ഒരു പ്രയോഗം.
നാളെ റിലീസ് ചെയ്യാന്‍ പോകുന്ന മകള്‍ സിനിമയിലൂടെ എല്ലാ അര്‍ത്ഥത്തിലുമുള്ള പ്രായോഗികമായ ജയറാമിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ജയറാം ചിത്രം റിലീസാകുന്നത്. ജയറാമിന്റെ കരിയറില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും മലയാള സിനിമയില്‍ നിന്ന് ഇത്രയും കാലം മാറി നിന്ന് ഒരു ഗ്യാപ്പ് എടുക്കുന്നത്. മേക്കപ്പ് മാന് ശേഷമുള്ള ജയറാമിന്റെ സോളോ സൂപ്പര്‍ഹിറ്റ് ആവാന്‍ സാധ്യതയുള്ള ചിത്രം കൂടിയാണ് മകള്‍. ഇതിനിടയില്‍ സൂപ്പര്‍ ഹിറ്റ് സ്റ്റാറ്റസ് ലഭിച്ച പഞ്ചവര്‍ണ്ണതത്ത ആകട്ടെ മള്‍ട്ടിസ്റ്റാര്‍ ചിത്രവും.ആടുപുലിയാട്ടം, അച്ചായന്‍സ് ഒക്കെ തീയറ്ററില്‍ ഹിറ്റായെങ്കിലും ഒരു സൂപ്പര്‍ ഹിറ്റ് സ്റ്റാറ്റസ് ലഭിച്ചില്ല അത്രയും വലിയ ഒരു ഹിറ്റ് സ്റ്റാറ്റസ് ലഭിക്കുമ്പോള്‍ ആണല്ലോ തിരിച്ചുവരവ് പൂര്‍ണമാകുന്നത്. ജയറാമിന്റെ തിരിച്ചുവരവ് ആകും എന്ന് കരുതിയ തിങ്കള്‍ മുതല്‍ വെള്ളിവരെ, ദൈവമേ കൈതൊഴാം കെ കുമാറാകണം, ഗ്രാന്‍ഡ് ഫാദര്‍, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകള്‍ നിരാശ സമ്മാനിച്ച തീയറ്ററില്‍ പരാജയമായി മാറിയത് ജയറാമിന്റെ തിരിച്ചുവരവ് എന്ന പ്രയോഗത്തിന് ഒരു വിലയും ഇല്ലാതാക്കി.ഇത് മൂലം അത്യാവശ്യം നല്ല ചിത്രങ്ങള്‍ ആയിട്ടും ആകാശമിട്ടായി, ലോനപ്പന്റെ മാമോദിസ, പട്ടാഭിരാമന്‍ ഒന്നും വേണ്ടത്ര വിജയവുമായില്ല.
അപ്പോഴൊക്കെ എല്ലാവരും പറഞ്ഞ ഒരു കാര്യമുണ്ട് ഇനി ജയറാമിന് ഒരു തിരിച്ചുവരവ് കിട്ടണമെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ കൂടെ ഒരു സിനിമ വരണം കാരണം ഇവര്‍ ഒന്നിച്ച എല്ലാ സിനിമകളും വിജയിച്ച സിനിമകളും അതിലുപരി നല്ല സിനിമകളും ആണ്.
മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, ഭാഗ്യദേവത, കഥ തുടരുന്നു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, തൂവല്‍ കൊട്ടാരം, മഴവില്‍ക്കാവടി പോലെ എത്ര കണ്ടാലും മടുക്കാത്ത ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച എവര്‍ഗ്രീന്‍ കൂട്ടുകെട്ട്.
ഒടുവില്‍ എല്ലാവരും ആഗ്രഹിച്ച പോലെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മകള്‍ സിനിമ നാളെ തീയേറ്ററില്‍ റിലീസ് ചെയ്യുകയാണ്. ഒരുപക്ഷേ ഈ സിനിമ കൂടി പരാജയം സംഭവിച്ചാല്‍ ജയറാമിന് പിന്നെ ഒരിക്കലും മലയാള സിനിമയില്‍ നായകന്‍ ആയിട്ട് ഒരു റീ-എന്‍ട്രി കിട്ടില്ല സഹനടന്‍ വേഷങ്ങളിലേക്ക് ഒതുങ്ങേണ്ടി വരും. അതുകൊണ്ടുതന്നെ ജയറാമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ സിനിമ അവസാനത്തെ കച്ചിത്തുരുമ്പ്.
നാളെ റിലീസ് ചെയ്യാന്‍ പോകുന്ന ഈ സിനിമ ഒരു സൂപ്പര്‍ ഹിറ്റായി മാറി ജയറാമേട്ടന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

Gargi