‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന അവള്‍ പറയുമ്പോള്‍ നമുക്ക് മുഖം ചുളിക്കാന്‍ തോന്നാത്തതുമതുകൊണ്ടാണ്’

റാണിപത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്ത് വന്നത്. പ്രണയത്തിന്റെ തീക്ഷ്ണത, രതിയുടെ തിരഭാവം, ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മലവെള്ളമാണ് ചിത്രം.…

റാണിപത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്ത് വന്നത്. പ്രണയത്തിന്റെ തീക്ഷ്ണത, രതിയുടെ തിരഭാവം, ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മലവെള്ളമാണ് ചിത്രം. 2017ല്‍ ഇറങ്ങിയ ചിത്രം ഇപ്പോഴും പ്രേക്ഷകന്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നിലും ഈ ഘടകങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ രാഗീത് ആര്‍ ബാലന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘കണ്ടു കഴിയുമ്പോള്‍ ഞാന്‍ എന്ന പ്രേക്ഷകനെ കുത്തിനോവിക്കുകയും സ്വയം ഉള്ളിലിട്ട് ആലോചിപ്പിക്കുകയും ഇതൊന്നുമല്ലെങ്കില്‍ പോലും മനസ്സില്‍ ഒരു ചെറിയ വേദനയെങ്കിലും സമ്മാനിച്ചാട്ടിയായിരിക്കും ചില സിനിമകള്‍ അവസാനിക്കുന്നത്.ഒരു നീറ്റലായി അത് നമ്മുടെ കൂടെ എന്നും ഉണ്ടാവും. അത്തരം ഒരു സിനിമ അനുഭവം ആണ് എനിക്ക് മായാനദിയെന്ന് രാഗീത് പറയുന്നു.

ശരീരത്തില്‍ തൊട്ടും തൊടാതെയുമുള്ള പ്രണയകഥകള്‍ മലയാളത്തില്‍ ഇതിനു മുമ്പും വന്നിട്ടുണ്ടെങ്കിലും മായാനദിയിലെ പ്രണയം വ്യത്യസ്തമാവുന്നത് അപ്പു എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ കൊണ്ടാണ്. ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന അവള്‍ പറയുമ്പോള്‍ നമുക്ക് മുഖം ചുളിക്കാന്‍ തോന്നാത്തതും ആ കഥാപാത്രം അത്ര മനോഹരമായത് കൊണ്ടാണ്. ഇരുവരും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങളില്‍ പോലും ആസ്വാദകന് ആശ്ലീലതയല്ല മറിച്ച് അവരുടെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രതയാണ് മനസ്സിലാക്കാനാവുകയെന്ന് കുറിപ്പില്‍ പറയുന്നു.

ചിത്രത്തെ കുറിച്ച് നല്ലതും ചീത്തയുമായ ഒരുപാട് അഭിപ്രായങ്ങള്‍ പലര്‍ക്കുമുണ്ട്. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സിനിമയോട്.വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന സിനിമ..സ്വഭാവികതയുടെ മികച്ച ഒരു ആസ്വാദനമാണു മായാനദി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.മലയാള സിനിമയില്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു കഥ തന്നെയാണ് മായാനദിയും പറഞ്ഞത്. എന്നാല്‍ അതിന്റെ അവതരണ ശൈലി എന്നിലെ പ്രേക്ഷകനെ അത്ഭുതപെടുത്തുകയാണ് വീണ്ടും വീണ്ടും കാണുമ്പോഴുമെന്നും രാഗീത് കുറിക്കുന്നു.

സിനിമയുടെ അവസാന ഭാഗം ഒരുപക്ഷേ എല്ലാ പ്രേക്ഷകനെയും തൃപ്തിപ്പെടുത്താന്‍ സാധ്യതയില്ലെങ്കിലും ചിരിപ്പിച്ചില്ലെങ്കിലും ചിന്തിപ്പിച്ചില്ലെങ്കിലും കാണുന്ന പ്രേക്ഷകനെ വിടാതെ പിന്തുടരുന്ന അനുഭവമാകുമെന്നും ഇദ്ദേഹം പറയുന്നു. അതേസമയം ജയേഷ് മോഹന്റെ ഛായാഗ്രഹണവും റെക്‌സ് വിജയന്റെ സംഗീതവും മായാനദിയെ കൂടുതല്‍ മനോഹരമാക്കിയവയാണ്. സിനിമ സമ്മാനിക്കുന്ന ഫീല്‍ ആസ്വാദകനില്‍ എത്തിക്കുന്നതില്‍ ഇവ രണ്ടും പുലര്‍ത്തിയ പങ്ക് വലുതാണ്. ഷഹബാസ് അമന്റെ ശബ്ദം പാട്ടുകളുടെ മനോഹാരിത വര്‍ധിപ്പിക്കുന്നു.

ആഷിക്ക് അബു എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് മായാനദി. സിനിമ എന്ന കലയെ അതിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ കൊമേഴ്‌സ്യല്‍ ചേരുവകകള്‍ കുത്തിക്കേറ്റാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച സിനിമ തന്നെ ആണ് ചിത്രമെന്നും കുറിക്കുന്നു. തൃപ്പൂണിത്തറ സെന്‍ട്രല്‍ ടാക്കീസില്‍ 2017 ഡിസംബര്‍ 24നു രാത്രിയിലാണ് രാഗീത് ചിത്രം കണ്ടതെന്നും കണ്ടു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു മരവിപ്പ് സമ്മാനിച്ചെന്നും പറയുന്നുണ്ട്.