‘ക്ഷമയോടെ അതിനെ എങ്ങനെ സ്വന്തമാക്കാം എന്ന് ഈ നടന്‍മാര്‍ പഠിപ്പിക്കുന്നു’ കുറിപ്പ്

സിനിമാ മേഖലയിലേക്ക് കടന്നു വരാനായി നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു സിനിമയിലെങ്കിലും ഒന്നു മുഖം കാണിക്കണം, നായക വേഷം, സഹനായക വേഷം അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളാണ്. എന്നാല്‍ വര്‍ഷങ്ങളോളം സിനിമയില്‍ ഒരു ഡയലോഗ് പോലുമില്ലാതെ നായകന്റേയോ നായികയുടേയോ അടുത്തു നില്‍ക്കാന്‍ മാത്രമായിരിക്കും അവസരം ലഭിക്കുക. ഇതോടെ മടുത്ത് ഈ മേഖല വിടുന്നവരും ധാരാളമാണ്. അത്തരക്കാര്‍ മാതൃകയാക്കേണ്ടവരാണ് നടന്‍ റോണി ഡേവിഡ് രാജ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരെയെന്നാണ് മനു വര്‍ഗീസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ക്ഷമയോടെ കാത്തിരുന്നു സിനിമയുടെ മുഖ്യ ധാരയിലേക്ക് കടന്നു വന്ന രണ്ട് നടന്മാര്‍… റോണി ഡേവിഡ് രാജ്… അലക്‌സാണ്ടര്‍ പ്രശാന്ത്… നമ്മള്‍ എന്ന ചിത്രം മുതലാണ് അലക്‌സാണ്ടര്‍ പ്രശാന്ത് എന്ന നടനെ ഞാന്‍ ശ്രദ്ധിക്കുന്നത്. ജിഷ്ണുവും സിദ്ധാര്‍ത്ഥിനുമൊപ്പമുള്ള പേരില്ലാത്ത ഒരു കൂട്ടുകാരന്‍.പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രം ചെയ്യാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്ന് മനു കുറിപ്പില്‍ പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിലെ രാഷ്ട്രീയക്കാരന്‍ ജോസ് പൊറ്റക്കുഴിയായും ഒരു മുറൈ വന്ത് പാര്‍ത്തായയിലെ കുര്യച്ചനായും കടം കഥയിലെ സുഭാഷായും ഓപ്പറേഷന്‍ ജാവയിലെ ബഷീറായും മധുരരാജയിലെ വികസന നായകന്‍ ക്‌ളീറ്റസ്സായും നൈറ്റ് ഡ്രൈവിലെ പ്രാഞ്ചിയായും ഒക്കെ തനിക്കു ലഭിച്ച കഥാപാത്രങ്ങളെ ഭംഗിയാക്കാന്‍ പ്രശാന്തിനു കഴിഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം ‘ചോക്ലേറ്റ് ‘ സിനിമയില്‍ പൃഥ്വിരാജിന്റെ സുഹൃത്തായാണ് റോണിയുടെ തുടക്കം, ആകെത്തുകയില്‍ ഒന്നോ രണ്ടോ ഡയലോഗ് മാത്രം… കുറച്ചു കാലം ചെയ്തതെല്ലാം സൈഡ് വേഷങ്ങള്‍…പിന്നീട് ആനന്ദത്തിലെ ചാക്കോ സാറായും ബെസ്റ്റ് ആക്ടറിലെ ജയകാന്തന്‍ ആയും ഉണ്ടയിലെ അജി പീറ്റര്‍ ആയും ഹെലനിലെ മാനേജര്‍ ആയും നിഴലിലെ രാജനായും കെട്ടിയോളാണ് എന്റെ മാലാഖയിലെ റിച്ചാര്‍ഡായും ഒക്കെ മികച്ച കഥപാത്രങ്ങളെ അവതരിപ്പിക്കാന്‍ റോണിക്ക് കഴിഞ്ഞുവെന്ന് മനു പറയുന്നു.

കുറച്ച് തവണ ശ്രമിച്ചിട്ട് കിട്ടാതെ സിനിമയെ ശപിച്ച് ആ സ്വപ്നത്തില്‍ നിന്ന് അകന്നു പോകുന്നവരാണ് നമ്മളില്‍ പലരും.. സിനിമയെ ജീവവായുവാക്കി പതിയെ കാത്തിരുന്ന് ക്ഷമയോടെ അതിനെ എങ്ങനെ സ്വന്തമാക്കാം എന്ന് ഈ നടന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് മനു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Previous articleപ്രിയ അപ്പുണ്ണി ശശി.. പുഴുവില്‍ നിങ്ങളാണ് പുലി… ശ്രദ്ധ നേടിയ കുറിപ്പ്..!
Next article‘3.4 മില്യണ്‍ കാഴ്ചക്കാരുമായി ടീസര്‍, റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടല്‍’ കുറിപ്പ്