അരവിന്ദന്റെ അതിഥികള്‍!! പഴയ കഥ ജീവനുള്ള കഥാപാത്രങ്ങളിലൂടെ ഒന്നാംതരം കാഴ്ച അനുഭവം ആയപ്പോള്‍

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ ഒരുക്കിയ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍. 2018ലിറങ്ങിയ ചിത്രത്തിലൂടെയാണ് നീണ്ട ടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉര്‍വശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിച്ച് സ്‌ക്രീനിലെത്തിയത്. തിയ്യറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു…

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ ഒരുക്കിയ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍. 2018ലിറങ്ങിയ ചിത്രത്തിലൂടെയാണ് നീണ്ട ടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉര്‍വശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിച്ച് സ്‌ക്രീനിലെത്തിയത്. തിയ്യറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍. മനസ്സ് നിറഞ്ഞാണ് പ്രേക്ഷകര്‍ തിയ്യേറ്റര്‍ വിട്ടിറങ്ങിയത്. മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായ വിഷ്ണു പ്രസാദ് സിനിമയെ കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഇഷ്ടപെട്ട ഒത്തിരി സിനിമകള്‍ ഉണ്ട്. അതില്‍ തന്നെ എപ്പോള്‍ കണ്ടാലും മടുക്കാത്ത വീണ്ടും വീണ്ടും കാണാന്‍ തോന്നിക്കുന്ന കണ്ടു കഴിഞ്ഞാല്‍ മനസ്സ് നിറയെ സന്തോഷം നല്‍കുന്നൊരു സിനിമയാണ് എനിക്ക് അരവിന്ദന്റെ അതിഥികള്‍.

അരവിന്ദന്റെ അതിഥികള്‍ വളരെ ചെറിയ ഒരു സിനിമ ആണ്. പ്രമേയം കൊണ്ടോ അവതരണം കൊണ്ടോ യാതൊരു തരത്തിലും ആര്‍ഭാടം കാണിക്കാത്ത സിനിമ. മൂകാംബികയില്‍ ഒരു ലോഡ്ജ് നടത്തുകയാണ് ശ്രീനിവാസന്റെ മാധവന്‍ എന്ന കഥാപാത്രവും വിനീത് ശ്രീനിവാസന്റെ അരവിന്ദനും. അമ്മയാരെന്നറിയാത്ത അരവിന്ദനും അവനെ വളര്‍ത്തിയ മാധവനും അവര്‍ക്കു ചുറ്റുമുള്ള കുറച്ചാളുകളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം. ചെറുപ്രായത്തില്‍ അരവിന്ദനെ അമ്മ അവിടെ ഉപേക്ഷിക്കുന്നു. ഒരു നവരാത്രി തിരക്കില്‍ ഒറ്റപ്പെട്ട അരവിന്ദന്‍ അവിടെ ലോഡ്ജ് നടത്തുന്ന മാധവന്റെ അടുക്കല്‍ എത്തിപെടുന്നു. അമ്മയെ നഷ്ടപ്പെട്ടത് ഇപ്പോഴും അവിടത്തെ ഉത്സവ കാല ഓര്‍മയായി അരവിന്ദനെ വേദനിപ്പിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ കൊല്ലൂര്‍ അമ്പലത്തില്‍ ഒരിക്കല്‍ പോലും അരവിന്ദന്‍ പ്രവേശിച്ചിട്ടില്ല. എല്ലാ കൊല്ലവും ആ നാട് മുഴുവന്‍ നവരാത്രി ആഘോഷിക്കുമ്പോഴും പകല്‍ മുഴുവന്‍ ചിരിച്ചു കളിച്ചു എല്ലാവര്‍ക്കൊപ്പം നില്‍ക്കുന്ന അരവിന്ദന്‍ രാത്രി ആയാല്‍ ഒറ്റയ്ക്ക് ആണ്.

ഒരിക്കല്‍ അരവിന്ദന്റെ അതിഥികളായി കൊല്ലൂര്‍ അമ്പലത്തില്‍ നൃത്ത അരങ്ങേറ്റം നടത്തുവാന്‍ വേണ്ടി വരദയും അമ്മയും എത്തുന്നു. എന്നാല്‍ യാദൃശ്ചികമായി ഉണ്ടായ ചില തടസങ്ങള്‍ കാരണം അരങ്ങേറ്റം നടന്നില്ല. തുടര്‍ന്ന് തിരിച്ചു പോകാനാവാത്ത അവസ്ഥ ആയതുകൊണ്ട് അമ്മയ്ക്കും മകള്‍ക്കും അരവിന്ദന്റെ അതിഥികള്‍ ആയി അവിടെ തുടരേണ്ടി വരുന്നു. ഈ ഒരു അവസ്ഥയില്‍ വരദ എന്ന പെണ്‍കുട്ടിയുമായി അരവിന്ദന്‍ സൗഹൃദത്തിലാകുന്നതും പിന്നീട് അവള്‍ അരവിന്ദന്റെ അമ്മയെ തേടി നടത്തുന്ന യാത്രയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

പ്രവചിക്കാവുന്നതും ക്ലീഷെ എന്നു പറയാവുന്നതുമൊക്കെയായ ഒരു സിനിമാകഥ തന്നെയാണ് അരവിന്ദന്റെ അതിഥികളുടെത്. എന്നിട്ടും എനിക്ക് ഈ സിനിമ പ്രിയപ്പെട്ട ഒന്നായതു ജീവനുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞ പഴകിയ കഥയെ ഒന്നാംതരമൊരു കാഴ്ച അനുഭവം ആക്കി മാറ്റിയത് കൊണ്ടാണ്.

ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും ഈ സിനിമ വീണ്ടും കാണുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇറങ്ങിയ മലയാള സിനിമ കളില്‍ ഏറ്റവും മികച്ച പശ്ചാത്തല സംഗീതവും പാട്ടുകളും ഈ സിനിമയുടേതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഭാഗമാണ് വരദയുമായി അരവിന്ദന്റെ ബസ് സ്റ്റാന്‍ഡില്‍ വെച്ചുള്ള സംഭാഷണങ്ങള്‍ അതിനൊപ്പം കടന്നു വരുന്ന ഗാനവും ??????
‘എന്റെ അമ്മ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്നു ഇപ്പോഴും എനിക്കറിയില്ല… അന്വേഷിച്ചു ചെന്നാല്‍ ചിലപ്പോള്‍ കണ്ടെത്താനൊക്കെ പറ്റുമായിരിക്കും…പക്ഷെ അന്വേഷിച്ചു കണ്ടു പിടിച്ചു അവസാനം മുന്‍പില്‍ ചെന്ന് നില്‍ക്കുമ്പോള്‍ എന്റെ അമ്മ എന്നെ അറിയില്ലായെന്നു പറഞ്ഞാലോ…ലോകത്തു ഒരു മകനും ആഗ്രഹിക്കാത്ത ഒരു രീതിയിലാണ് എന്റെ അമ്മ ജീവിക്കുന്നതെങ്കിലോ..

താന്‍ ഒരിക്കല്‍ പറഞ്ഞില്ലേ നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് കാത്തിരിപ്പു ആണെന്ന്… കാത്തിരിപ്പിനെക്കാള്‍ വേദനയുണ്ടാക്കുന്നത് അത് അവസാനിക്കുമ്പോള്‍ ആണ്. ഉടുത്തു ഉടുത്തു നരച്ചൊരു സാരിയും ഇട്ടു നല്ല ചിരിയും ചിരിച്ചു അരവിന്ദാന്നും പറഞ്ഞു എന്നെ കെട്ടിപിടിക്കുമായിരുന്നു എന്റെ അമ്മ…ആ അമ്മയെ ഞാന്‍ തേടി പോകില്ല… അവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ തേടി വരും എന്നെങ്കിലും……

അതിനൊപ്പം വരുന്ന ആ ഗാനവും ‘??ദൂരെ വാനിലെങ്ങോ താരമായി മിഴിയും ചിമ്മി നീയില്ലേ….വാ എന്നാ നിന്റെ മൊഴി ഇതാ ഈ കാറ്റു കാതില്‍ പൊഴിയുന്നുവോ… നീയേ എന്‍ അമ്മ ?????? വല്ലാത്തൊരു ഫീല്‍ ആണ്.. എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ സിനിമ. കണ്ട നാള്‍ മുതല്‍ അന്നും ഇന്നും എന്നും എന്റെ മനസ്സിന് നിറയെ സന്തോഷം നല്‍കുന്ന ഒരു സിനിമ…