‘പട്ടിയെപ്പോലെ പണിയെടുത്തിട്ട് വന്ന് കാണണേ കാണണേയെന്ന് പറയാന്‍ മടിയാണ്’; സിനിമ പ്രൊമോഷനുകളെപ്പറ്റി ഫഹദ്

ഫഹദ് ഫാസിലിനെ നായകനായി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയന്‍കുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ഇതിനോടകം തന്നെ സിനിമയുടെ ട്രെയ്ലറും, മേക്കിങ് വീഡിയോകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മലയന്‍കുഞ്ഞിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഫഹദ് ഫാസില്‍.…

ഫഹദ് ഫാസിലിനെ നായകനായി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയന്‍കുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ഇതിനോടകം തന്നെ സിനിമയുടെ ട്രെയ്ലറും, മേക്കിങ് വീഡിയോകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മലയന്‍കുഞ്ഞിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ സിനിമ പ്രൊമോഷനുകളെപ്പറ്റി തുറന്ന് പറയുകയാണ് ഫഹദ്.
പ്രൊമോഷന്‍ പരിപാടികള്‍ തന്നെ ബോറടിപ്പിക്കാറുണ്ടെന്ന് പറയുകയാണ് ഫഹദ്. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.

പട്ടിയെപ്പോലെ പണിയെടുത്തിട്ട് വന്ന് കാണണേ കാണണേയെന്ന് പറയാന്‍ മടിയാണെന്നാണ് ഫഹദ് പറഞ്ഞത്. ‘സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ബോറടിപ്പിക്കാറുണ്ട്. പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്തുതീരുമ്പോള്‍ അല്ലെങ്കില്‍ ആ സിനിമ റെഡി ആകുമ്പോള്‍ എന്റെ ജോലി തീര്‍ന്ന് ആ സിനിമ എന്‍ജോയ് ചെയ്യാന്‍ പറ്റണമെന്നാണ്. അത് പറ്റാറില്ല,’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.നീണ്ട ഒരു ഇടവേളക്ക് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്.രജിഷ വിജയനാണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഫാസിലാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനായ ഒരു മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഏറ്റവും ഒടുവില്‍ ഫഹദ് നായകനായി പുറത്തിറങ്ങിയ ചിത്രം.