‘കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പഠിപ്പിച്ചത് ബിഗ് ബിയിലെ ആ കഥാപാത്രം’; ഫഹദ് ഫാസില്‍

മലയാളത്തില്‍ മാത്രമല്ല, മറുഭാഷകളിലും സാന്നിദ്ധ്യമറിയിച്ച താരമാണ് ഫഹദ് ഫാസില്‍. തെന്നിന്ത്യയാകെ ആരാധകരെ സൃഷ്ടിക്കാന്‍ ഫഹദിനായിട്ടുണ്ട്. കൈയെത്തും ദൂരത്തിലെ ചോക്ലേറ്റ് പയ്യനില്‍ നിന്നും മലയാളത്തിലെ മുന്‍നിര താരങ്ങളിലൊരാളായുള്ള ഫഹദിന്റെ വളര്‍ച്ച പ്രേക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഓരോ കഥാപാത്രങ്ങളുടേയും…

മലയാളത്തില്‍ മാത്രമല്ല, മറുഭാഷകളിലും സാന്നിദ്ധ്യമറിയിച്ച താരമാണ് ഫഹദ് ഫാസില്‍. തെന്നിന്ത്യയാകെ ആരാധകരെ സൃഷ്ടിക്കാന്‍ ഫഹദിനായിട്ടുണ്ട്. കൈയെത്തും ദൂരത്തിലെ ചോക്ലേറ്റ് പയ്യനില്‍ നിന്നും മലയാളത്തിലെ മുന്‍നിര താരങ്ങളിലൊരാളായുള്ള ഫഹദിന്റെ വളര്‍ച്ച പ്രേക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഓരോ കഥാപാത്രങ്ങളുടേയും സൂക്ഷ്മാംശങ്ങള്‍ വരെ പ്രതിഫലിപ്പിക്കുന്നതിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയം വ്യത്യസ്തമാവുന്നത്.

ഇപ്പോഴിതാ താന്‍ അഭിനയത്തിന്റെ ചില സൂക്ഷ്മാംശങ്ങള്‍ മനസിലാക്കിയ സിനിമയെക്കുറിച്ച് പറയുകയാണ് ഫഹദ്. ഓരോ കഥാപാത്രങ്ങളും കരയുന്നത് പല രീതിയിലായിരിക്കും എന്ന് ബിഗ് ബി കണ്ടപ്പോഴാണ് മനസിലായതെന്നും മമ്മൂട്ടിയുടെ ബിഗ്ബിയെന്ന കഥാപാത്രം തന്നെ എങ്ങനെയാണ് സ്വാധീനിച്ചതെന്നുമാണ് ഫഹദ് പറഞ്ഞത്.

‘ബിഗ് ബി കാണുമ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് കരയുന്നത് എന്ന് മനസിലാവുന്നത്. ബിലാലും മേരി ടീച്ചറും തമ്മിലുള്ള ബന്ധം പടം തുടങ്ങുന്നത് മുതല്‍ പറയുന്നുണ്ട്. ബിലാല്‍ കരയുമോ എന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. നാലാമത്തെ അനിയനെ കൊന്നു കഴിഞ്ഞ് മൃതദേഹത്തിന് അടുത്ത് ബിലാല്‍ പോവുമ്പോള്‍ ബാലയുടെ കഥാപാത്രം അടുത്തിരിപ്പുണ്ട്. ബാലയുടെ ദേഹത്ത് അടിച്ചിട്ടാണ് ബിലാല്‍ കരയുന്നത്. മുഖം അനങ്ങുന്നില്ല, കൈ മാത്രമേ ചലിക്കുന്നുള്ളൂ. ഓരോ കഥാപാത്രവും കരയുന്നതില്‍ വ്യത്യാസമുണ്ടെന്ന് അന്നാണ് എനിക്ക് മനസിലായത്,’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.

ഒരു കഥാപാത്രത്തിന്റെ ബോഡി ലാഗ്വേജും ഡീറ്റെയിലിങ്ങും നോക്കുമ്പോഴാണ് ഇങ്ങനെയുള്ള സാധനങ്ങള്‍ വരികയെന്നും എഴുതിയ സാധനം ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാച്ചുറലായി ഇവോള്‍വാകുമെന്നും ഫഹദ് പറയുന്നു. ചില സമയത്ത് കരയാനേ തോന്നില്ലെന്നും സ്‌ക്രിപ്റ്റില്‍ ചിലപ്പോള്‍ ക്ലൈമാക്സില്‍ കരയുന്ന സീനായിരിക്കാമെന്നും പക്ഷേ പടം ഷൂട്ട് ചെയ്തുവരുമ്പോള്‍ അവിടെ കരയേണ്ടതായി വരില്ലായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീണ്ട ഒരു ഇടവേളക്ക് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്.രജിഷ വിജയനാണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണന്റേതാണ് തിരക്കഥ. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനായ ഒരു മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഏറ്റവും ഒടുവില്‍ ഫഹദ് നായകനായി പുറത്തിറങ്ങിയ ചിത്രം.