‘പൊന്നി ജീവിതത്തിന്റെ ഭാഗമായ പോലെ തോന്നി, പലപ്പോഴും പൊന്നിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്’; ഫഹദ് ഫാസില്‍

നീണ്ട ഒരു ഇടവേളക്ക് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ്.…

നീണ്ട ഒരു ഇടവേളക്ക് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പൊന്നി. പൊന്നിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഫഹദ് പങ്കുവെച്ചു.

ജനിച്ച് 28 ദിവസം മാത്രമുള്ള കുഞ്ഞാണ് ചിത്രത്തില്‍ പൊന്നിയായി എത്തിയത്. പൊന്നിയും ഫഹദ് അവതരിപ്പിച്ച അനിക്കുട്ടനും തമ്മിലുള്ള ബന്ധം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിനേയും വെച്ച് ഷൂട്ട് ചെയ്ത പലരംഗങ്ങളും ചിത്രത്തില്‍ നിര്‍ണായകമായിരുന്നു. ചിത്രത്തില്‍ അനിക്കുട്ടന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്ന പേരും പൊന്നിയുടേതാണ്. മലയന്‍കുഞ്ഞ് ഷൂട്ട് കഴിഞ്ഞപ്പോള്‍ പൊന്നി തന്റെ ജീവിതത്തിന്റെ ഭാഗമായതുപോലെ തോന്നിയെന്നും അത്രയേറെ താന്‍ ആ പേര് വിളിച്ചിരുന്നെന്നും പറയുകയാണ് ഫഹദ്.

‘പൊന്നി. അത്രയും ഞാന്‍ ആ പേര് വിളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ പൊന്നിയും അനിക്കുട്ടനും മാത്രമേയുള്ളൂ. ഷൂട്ട് കഴിഞ്ഞ ശേഷവും ഞാന്‍ പൊന്നിയെ പറ്റി ആലോചിച്ചിട്ടുണ്ട്. പൊന്നിയുടെ കാര്യമൊക്കെ ചിന്തിക്കുമായിരുന്നു. പൊന്നിയെ ഉയരത്തില്‍ കയറ്റി ഷൂട്ട് ചെയ്യുന്നതും കുഴിയില്‍ നിന്ന് ഞങ്ങളെ ലിഫ്റ്റ് ചെയത് പുറത്തേക്കെടുക്കുന്ന സീനിലുമൊക്കെ ഞാന്‍ പേടിച്ചിരുന്നു. 30 ദിവസം പ്രായമുള്ള കുഞ്ഞിനെ കയ്യില്‍ പിടിക്കുക എന്നത് ടെന്‍ഷനുള്ള കാര്യമായിരുന്നു. എന്റെ കാല് തന്നെ ഉറച്ച് നില്‍ക്കുന്നില്ല. അപ്പോള്‍ കുഞ്ഞിനെക്കൂടി പിടിക്കുമ്പോള്‍ പേടിയായിരുന്നു,’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.സിനിമ കഴിഞ്ഞാല്‍ കഥാപാത്രങ്ങളെക്കുറിച്ച് അങ്ങനെ ഓര്‍ക്കുക പതിവില്ലെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഇടുക്കിയില്‍ പോകുമ്പോള്‍ മഹേഷ് ഭാവന അവിടെ എവിടെയങ്കിലും ഉള്ളതുപോലെ തോന്നാറുണ്ടെന്നുമൊക്കെ ഫഹദ് പറയുന്നു. ‘മഹേഷ് എന്നെ പിടികൂടാനോ ഡിസ്റ്റേര്‍ബ് ചെയ്യാനോ വന്നിട്ടില്ല. അങ്ങനെ ഒരാള്‍ അവിടെ എവിടെയോ ഉണ്ടെന്ന് തോന്നാറുണ്ട്’ എന്നായിരുന്നു ഫഹദ് പറഞ്ഞത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണന്റേതാണ് തിരക്കഥ. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനായ ഒരു മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഏറ്റവും ഒടുവില്‍ ഫഹദ് നായകനായി പുറത്തിറങ്ങിയ മലയാള ചിത്രം.