‘ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം’ മലയന്‍കുഞ്ഞിന്റെ പുതിയ പോസ്റ്ററുമായി ഫഹദ്

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ ജൂലൈ 22ന് തിയറ്ററുകളിലെത്തുന്നു. ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കേ ഇതാ ഒരു മുന്നറിയിപ്പ് പോസ്റ്ററുമായി ‘മലയന്‍കുഞ്ഞ് ടീം’. ‘നിങ്ങള്‍ ക്ലോസ്‌ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കില്‍ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുന്‍പ് സൂക്ഷിക്കുക, ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം’ എന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റര്‍ നടന്‍ ഫഹദ് ഫാസില്‍ പുറത്തുവിട്ടത്. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണര്‍ത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്‌ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തില്‍ 12.5 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് ചെറുതും വലുതുമായുള്ള രീതിയില്‍ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് മലയന്‍ കുഞ്ഞിന്. വിസ്മയത്തുമ്പത്താണ് അദ്ദേഹം ഇതിന് മുമ്പ് നിര്‍മ്മിച്ച് പുറത്തിറങ്ങിയ ചിത്രം. അതേസമയം സംഗീത ഗന്ധര്‍വ്വന്‍ എ ആര്‍ റഹ്‌മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. മോഹന്‍ലാല്‍ നായകനായെത്തിയ ‘യോദ്ധ’യാണ് ഇതിന് മുന്‍പ് റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം.

രജിഷാ വിജയന്‍ ആണ് മലയന്‍ കുഞ്ഞിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Gargi