40 ഡിഗ്രി ചൂടിലും ഫാനില്ലാത്ത ഒരു വീട്!…

മരങ്ങൾ കുളിരും ശുദ്ധവായുവും നൽകുന്ന ‘നനവ്’. പാറ്റയും പക്ഷികളും തവളകളും മറ്റനേകം സസ്യജന്തുജാലങ്ങളും…..അവര്‍ക്കൊപ്പം പാട്ടുപാടിയും കഥപറഞ്ഞും ആശയും ഹരിയും…. സ്വർഗവാതിൽ പക്ഷി വന്നു ജനലരികിലിരുന്നു. കുറച്ചുനേരം ചിലച്ചു. മുറ്റത്തെ ജലാശയത്തിൽ കുളിച്ചുതോർത്തി പറന്നു. ഹരിയുടെയും…

മരങ്ങൾ കുളിരും ശുദ്ധവായുവും നൽകുന്ന ‘നനവ്’. പാറ്റയും പക്ഷികളും തവളകളും മറ്റനേകം സസ്യജന്തുജാലങ്ങളും…..അവര്‍ക്കൊപ്പം പാട്ടുപാടിയും കഥപറഞ്ഞും ആശയും ഹരിയും….

സ്വർഗവാതിൽ പക്ഷി വന്നു ജനലരികിലിരുന്നു. കുറച്ചുനേരം ചിലച്ചു. മുറ്റത്തെ ജലാശയത്തിൽ കുളിച്ചുതോർത്തി പറന്നു. ഹരിയുടെയും ആശയുടെയും ‘നനവിൽ’ എത്തുന്നത് പേരറിയാത്ത അതിഥികളാണ്. പലരും വരും, അനുവാദം ചോദിക്കാതെ, അവർക്കു വേണ്ടതെടുത്തു പോകും. ചക്കരക്കൽ ഉച്ചൂളിക്കുന്നിൽ ഹരിക്കും ആശയ്ക്കും ചുറ്റും വിരുതൻമാരായ സുഹൃദ് വലയം ചിറകടിക്കുകയാണ്… അവരിൽ ചിലരുടെ പേരുകൾ ഇങ്ങനെ. വെൺനീല പാറ്റപിടിയൻ, മുത്തുപ്പിള്ള പാറ്റപിടിയൻ, കാടു മുഴക്കി, മഞ്ഞക്കിളി, കൊടുവേരി, നീലക്കുറിഞ്ഞി, നാഗപ്പൂമരം, പുളിയാറില..

വിരുന്നെത്തുന്ന പക്ഷികൾക്ക് ഇത് കൊടുംവനമാണ്. വനത്തിൽ മാത്രം കാണുന്ന പൂമ്പാറ്റകളും പക്ഷികളും ഇവരുടെ വീട്ടുമുറ്റത്തു കൂടുന്നു. അവർക്കു തടസ്സമാകാതിരിക്കാൻ മണ്ണുകൊണ്ടുള്ള വീടൊരുക്കിയിരിക്കുകയാണ് ഹരിയും ആശയും. 40 ഡിഗ്രി പൊള്ളുന്ന ചൂടിലും ഫാനോ വിശറിയോ ഇല്ലാത്ത വീടാണു നനവ്. 34 സെന്റിൽ ഒന്നാന്തരമൊരു കാവ്. പതിനഞ്ചിൽപരം തവളകൾ, എൺപതിലധികം പക്ഷികൾ, നൂറ്റിഅൻപതിലേറെ പൂമ്പാറ്റകൾ. വീട്ടിലെ അംഗസംഖ്യ നോക്കുമ്പോൾ ഈ ഒറ്റമുറി വീടു മതിയാവുമോ…

പാറ്റയും പക്ഷികളും തവളകളും ജീവിക്കുന്നതിനൊപ്പം പാട്ടു പാടിയും കഥ പറഞ്ഞും ആശയും ഹരിയും. വരാന്തയിൽ പേടിയില്ലാതെ വന്നിരിക്കുന്ന എലിയും അണ്ണാനും മനുഷ്യരെ കണ്ടാൽ പറന്നു പോകാത്ത കാട്ടുപക്ഷികളും.

വിരുന്നെത്തുന്ന അന്യദേശക്കാർ

ആശയും ഹരിയും ഒരു വീടുവച്ചപ്പോൾ അവിടെ പാർക്കാൻ വന്നവരാണിവർ. ആരും വിളിക്കാതെ വന്നു വീട്ടുകാരായവർ. ഇത്രയും സ്ഥലത്തു തിങ്ങിനിറഞ്ഞു നിൽക്കുന്ന ഔഷധസസ്യങ്ങൾക്കിടയിൽ പ്രകൃതിയിലെ സർവ ജീവികൾക്കും കുടിക്കാനും കഴിക്കാനുമുള്ളതൊക്കെ ഇവിടെയുണ്ട്. കൈക്കോട്ട് വീഴാത്ത പറമ്പിൽ എല്ലാ കായ്കനികളും മുഴുത്തുനിൽക്കുന്നു. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടു കൊത്തിക്കീറാതെ മണ്ണിൽ വിസ്മയം വിരിയുന്നത് ഇവിടെ കാണാം. മരങ്ങളും പൂക്കളും മിഴിവോടെ നിൽക്കുന്ന പറമ്പിൽ കനത്ത കുളിർമ, പഴം മണക്കുന്ന കാറ്റ്, കണ്ണു നിറയുന്ന പച്ചപ്പ്…

ഫാനില്ലെങ്കിലും കാറ്റുണ്ട്

960 സ്ക്വയർഫീറ്റിലാണ് ആറു വർഷം മൂൻപു വീടുപണി പൂർത്തിയാക്കുന്നത്. ഒരു കിടപ്പുമുറി, സിറ്റൗട്ട്, ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടെ വിശാലമായ വീട്. സൂര്യൻ പകരുന്ന വെളിച്ചം രാത്രിയും പകലും ലഭിക്കാൻ സോളർ പാനലുകൾ. കിടപ്പുമുറിയിലോ ഹാളിലോ ഫാനോ കൂളറോ ഇല്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചു വയ്ക്കാൻ ഒരു നാടൻഫ്രിജുണ്ട്. മൺകലം കൊണ്ടുണ്ടാക്കിയ ഫ്രിജിൽ ഒരാഴ്ചവരെ ഇവ കേടുകൂടാതെയിരിക്കും അൽപം വെള്ളം ഒഴിച്ചു കൊടുത്താൽ മതി.

വീടു നിർമിക്കാനുള്ള സാധനങ്ങളുടെ ആകെ ചെലവ് അരലക്ഷം രൂപയാണ്. രണ്ടര ലക്ഷത്തോളം പണിക്കൂലിയായി. വീടിനും കിണറിനും കൂടി ആകെ ചെലവ് നാലു ലക്ഷം. ആർകിടെക്റ്റ് ടി.വിനോദാണ് ഈ‘തണുത്ത തുരുത്തിന്റെ’ ശിൽപി. രണ്ട് ഓടുകൾ പാകി ഇടയ്ക്ക് അൽപം കമ്പി ഉപയോഗിച്ചാണു മേൽക്കൂരയുടെ വാർപ്പ്. ചുമരു മുഴുവൻ മണ്ണുരുട്ടിയെടുത്ത ഉരുളകൊണ്ടു നിർമിച്ചത്. മണ്ണിൽ അൽപം കുമ്മായം ചേർത്തതു കൊണ്ട് ചിതലിന്റെ ശല്യവുമില്ല. നാലു യൂണിറ്റാണ് ഒരു മാസത്തെ വൈദ്യുതി ഉപയോഗം.

തൂക്കി വാങ്ങുന്ന പതിവില്ല!

ഒരു കിലോ മട്ട അരിക്കെന്താ വില എന്ന് ഇവരോടു ചോദിച്ചാൽ ഉത്തരം കിട്ടിയെന്നു വരില്ല. ഇവർ വീട്ടിലേക്ക് ഒന്നും പുറത്തുനിന്നു വാങ്ങാറില്ല. വെളിച്ചെണ്ണയും അരിയും കറിക്കുള്ള പൊടികളും പച്ചക്കറിയും വീട്ടു മുറ്റത്തുണ്ട്. അരയേക്കറോളം നെൽകൃഷിയുണ്ട്. ഇത്രയും സ്ഥലത്ത് ഈ ദമ്പതികൾ മാത്രമാണു പണിക്കാർ. വയലിൽ അവിടെ മഴക്കാലത്ത് ഒറ്റത്തവണ നെല്ലിറക്കും. ബാക്കിയുള്ള സമയമത്രയും പച്ചക്കറികൾ. കാരറ്റും വെണ്ടയും വഴുതനയും ഒക്കെ തഴച്ചുവളരുന്നത് ജൈവകൃഷിയിലാണ്.

രാസവളം ഇടാതിരുന്നാൽ മാത്രം ജൈവകൃഷിയാവില്ലെന്നാണ് ഇവരുടെ പക്ഷം. ഒരുവിധത്തിലുള്ള കീടനാശിനികളും ഇവിടെ ഉപയോഗിക്കുന്നില്ല. മണ്ണിനു ദഹനക്കേടു വരുമ്പോൾ കീടങ്ങൾ വരുന്നു. അപ്പോൾ മണ്ണു മാറ്റിയെടുത്താൽ മതിയെന്നാണ് ഇവർ പറയുന്നത്. മുൻപിൽ മുറിച്ചുവച്ച മുഴുത്ത മാമ്പഴവും കൊഴുത്ത വെള്ളരിയും ഇവരുടെ വാദങ്ങളുടെ ഒന്നാം സാക്ഷികളാണ്.

ജീവിതമാണ് മരുന്ന്

17വർഷമായി ഹരി ഒരു ഡോക്ടറെ കണ്ടിട്ട്. പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. വിശ്രമവും ഉപവാസവും മാത്രമാണു മരുന്ന്. അലോപ്പതിയോ ആയുർവേദമോ ഇവർ ഇത്രകാലവും കഴിച്ചിട്ടില്ല. വീട്ടുമുറ്റത്തുള്ള പച്ചക്കറിയും പഴങ്ങളും രോഗം സമ്മാനിക്കാത്തവയാണെന്നതിന് ഇവരുടെ ജീവിതം തന്നെ സാക്ഷ്യം. ഒരു അവയവത്തെ മാത്രം ചികിൽസിച്ച് അസുഖം ഭേദമാക്കുന്ന ശാസ്ത്രത്തിൽ ഇവർക്കു വിശ്വാസമില്ല. രോഗം വന്നാൽ അതിന്റെ കാരണം കണ്ടെത്തണം, വേണ്ട പോഷണം നൽകണം. കൃഷിയിറക്കുന്ന മണ്ണും സ്വന്തം ശരീരവും പാകപ്പെടുത്താൻ ഇവർക്ക് ഒറ്റ സിദ്ധാന്തമാണ്.

സാമാന്യമായ ലോകക്രമത്തിൽ നിന്നു മാറി എല്ലാറ്റിനോടും മുഖംതിരിക്കാനല്ല ഇവർ പറയുന്നത്. പ്രകൃതിയെ കുഴിച്ചെടുക്കാതെ, തച്ചുടയ്ക്കാതെ കൃഷിയിറക്കാം വീടു വയ്ക്കാം. മണ്ണിൽ വിഷം വിതയ്ക്കാതെ വിളവു കൊയ്യാം.

ജൈവസമരത്തിന്റെ പാതയിൽ

ഒറ്റപ്പെട്ടു നിൽക്കുകയല്ല ഇവർ. മണ്ണിൽ മനുഷ്യൻ പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്നു കാണിച്ചുതരികയാണ്. ജൈവസമരത്തിന്റെ പാതയിൽ കേരളമെങ്ങും ഈ ദമ്പതികളുടെ സാന്നിധ്യമുണ്ട്. ജല അതോറിറ്റി ഉദ്യോഗസ്ഥനാണു ഹരി. അധ്യാപികയായിരുന്ന ആശ ജോലിയിൽ നിന്നു സ്വയം വിരമിച്ചു. വല്ലാതെ ഒറ്റപ്പെടുന്ന വൈകുന്നേരങ്ങളിൽ ഇവർക്കു കൂട്ടിന് കാടുമുഴക്കി പക്ഷിയെത്തും. ആശയുടെ അടുത്ത കൂട്ടുകാരനാണവൻ. അദ്ഭുതപ്പെടുത്തുന്ന മിമിക്രിക്കാരൻ. എന്തു കേട്ടാലും അതേപടി അനുകരിക്കുന്ന വിരുതൻ പറവ. ആശ എന്തു ചോദിച്ചാലും അതേപടി തിരിച്ചുപറയും. ഇരതേടി ദൂരെ പോയാലും വൈകി വീട്ടിലെത്തും. അണ്ണാനും മരംകൊത്തിയുമൊന്നും ഇവിടെ വാടകക്കാരല്ല. വൈകുന്നേരങ്ങളിൽ മക്കൾ കൂടണയുന്നതും കാത്ത് ഇവർ മൺപുരയുടെ അരണ്ട വെളിച്ചത്തിൽ കാത്തിരിക്കും.

Leave a Reply