# ഒരു മലയാളി മിസ് യൂണിവേഴ്‌സ് ആകുമോ? മിസ് യൂണിവേഴ്‌സ് വേദിയിലേക്ക് കിരീടപ്രതീക്ഷയുമായി കെസിയ ലിസ് മെജോ

- Link: https://ml.b4blaze.com/fashion/will-a-malayali-become-miss-universe-kezia-liz-mejo-heads-to-the-miss-universe-stage-with-hopes-of-winning-the-crown
- Published: 2026-11-04T12:40:46+05:30
- Author: Sana Fathima

ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തിക്കാനുള്ള പ്രതീക്ഷയുമായി മിസ് യൂണിവേഴ്‌സ്
വേദിയിലേക്ക് യാത്ര തിരിച്ച് മലയാളി പെൺകുട്ടി കെസിയ ലിസ് മെജോ. 2026ലെ മിസ് യൂണിവേഴ്‌സ്
ഇന്ത്യ കിരീടം സ്വന്തമാക്കിയ 19കാരി പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ
ഇന്ത്യയെ പ്രതിനിധീകരിക്കും. ദേശീയ പതാകയും മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവുമായാണ് 
കെസിയ സാൻ ഹുവാനിലേക്ക് യാത്ര തിരിച്ചത്.

യാത്രയ്ക്ക് മുന്നോടിയായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള കെസിയയുടെ
ചിത്രം മിസ് യൂണിവേഴ്‌സ് ഇന്ത്യ സംഘടന ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.‘
ഒരു രാജ്ഞി കേവലം ഒരു കിരീടം മാത്രമല്ല വഹിക്കുന്നത്; ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും
സ്വപ്നങ്ങളുമാണ് അവൾ ചുമലിലേറ്റുന്നത്’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

2026 നവംബർ 24നാണ് മിസ് യൂണിവേഴ്‌സ് ഫിനാലെ നടക്കുന്നത്. പ്യൂർട്ടോ റിക്കോയിലെ ഹൊസെ
മിഗേൽ അഗ്രെലോട്ട് കൊളീസിയമാണ് മത്സരവേദി. 130ലധികം രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ
മാറ്റുരയ്ക്കുന്ന വേദിയിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് കെസിയ. വിമാനത്താവളത്തിൽ റോയൽ മെറൂൺ
നിറത്തിലുള്ള മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള പരമ്പരാഗത സാരിയിലാണ് താരം എത്തിയത്.
മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടത്തിനൊപ്പം കല്ലുകൾ പതിപ്പിച്ച നെക്ലേസും കമ്മലുകളും 
അണിഞ്ഞുള്ള കെസിയയുടെ ചിത്രങ്ങളും ശ്രദ്ധ നേടി.

ആലപ്പുഴയിലെ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോ, മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം
സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതയാണ്. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ്
യൂണിവേഴ്‌സ് ഇന്ത്യ 2026 മത്സരത്തിൽ 52 മത്സരാർത്ഥികളെ പിന്തള്ളിയാണ് കെസിയ കിരീടം 
നേടിയത്. ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്‌സ് ജേതാവായ സുസ്മിത സെൻ നേതൃത്വം നൽകിയ ജൂറിയാണ്
വിജയിയെ തിരഞ്ഞെടുത്തത്. ചോദ്യോത്തര വേളയിലെ മികച്ച പ്രകടനവും ആത്മവിശ്വാസവുമാണ് കെസിയയെ
വിജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. 1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയും
2021ൽ ഹർനാസ് സന്ധുവും ഇന്ത്യയ്ക്കായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയിരുന്നു. വർഷങ്ങൾക്കുശേഷം
ആ നേട്ടം ആവർത്തിക്കാൻ കെസിയയ്ക്ക് കഴിയുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.

സൗന്ദര്യമത്സരത്തിനപ്പുറം സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകളും കെസിയയെ ശ്രദ്ധേയയാക്കുന്നു.
സ്ത്രീകളുടെ ആർത്തവ ശുചിത്വം, സുസ്ഥിര ജീവിതരീതികൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ
ബോധവൽക്കരണ പ്രവർത്തനങ്ങളിൽ താരം സജീവമാണ്. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയിലെ ഗ്രാമീണ
മേഖലകളിലെ പെൺകുട്ടികൾ നേരിടുന്ന ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും കെസിയയ്ക്ക്
പദ്ധതിയുണ്ട്.

‘ഓരോ വ്യക്തിയുടെയും ശരീരം അവരുടെ ക്ഷേത്രമാണ്. അതിനെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും
ചെയ്യുക എന്നത് വ്യക്തിപരമായ അവകാശമാണ്’ എന്നതാണ് ഈ വിഷയങ്ങളിലുള്ള കെസിയയുടെ നിലപാട്.
2024ൽ മിസ് ടീൻ ദിവ കിരീടം നേടിയ കെസിയ, 2025ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ്
റണ്ണറപ്പായിരുന്നു. അബുദാബിയിൽ വളർന്ന താരം നിലവിൽ നിയമവിദ്യാർഥിനിയാണ്. 12 വർഷത്തോളം
ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള കെസിയയ്ക്ക് ഡ്രംസ്, വയലിൻ എന്നീ സംഗീതോപകരണങ്ങളിലും
കഴിവുണ്ട്. സൗന്ദര്യത്തിനൊപ്പം ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി ലോകവേദിയിലേക്ക്
ചുവടുവെക്കുന്ന മലയാളി പെൺകുട്ടിയുടെ കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കേരളവും
ഇന്ത്യയും.
