മക്കളുടെ അമിതമായ സ്മാര്‍ട് ഫോണ്‍ ഉപയോഗം തടയാന്‍ ഒരു നഗരത്തെ മുഴുവന്‍ ഓഫ്‌ലൈനിലാക്കി പിതാവ്

രാത്രിയെന്നോ പകലെന്നോയില്ലാതെ മക്കള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നു. രാത്രിയില്‍ കുട്ടികള്‍ക്ക് ഉറക്കവുമില്ല. ഇതോടെ കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് പിതാവ് ഇന്റര്‍നെറ്റ് കട്ടാക്കി. എന്നാല്‍ ഓഫ്‌ലൈനിലായത് ഒരു നഗരം മുഴുവനാണ്. ഫ്രാന്‍സിലാണ് സംഭവം. സിഗ്‌നല്‍ ജാമര്‍…

രാത്രിയെന്നോ പകലെന്നോയില്ലാതെ മക്കള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നു. രാത്രിയില്‍ കുട്ടികള്‍ക്ക് ഉറക്കവുമില്ല. ഇതോടെ കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് പിതാവ് ഇന്റര്‍നെറ്റ് കട്ടാക്കി. എന്നാല്‍ ഓഫ്‌ലൈനിലായത് ഒരു നഗരം മുഴുവനാണ്. ഫ്രാന്‍സിലാണ് സംഭവം. സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ച് മക്കളുടെ ഫോണില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ തടസ്സപ്പെടുത്തുകയായിരുന്നു പിതാവ്. എന്നാല്‍ ആ നഗരത്തില്‍ മുഴുവന്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 3 മണി വരെ സേവനം നിലച്ചു.

എന്നാല്‍ അപ്രതീക്ഷിതമായി സിഗ്നല്‍ കട്ടായതോടെ ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സ് നാഷനല്‍ ദെ ഫ്രീക്വന്‍സസിലേക്ക് (ANFR) പരാതിയെത്തി. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ചതാണ് കാരണമെന്ന് കണ്ടെത്തിയത്. മൊബൈല്‍ ഫോണുകളുടെ അതേ ഫ്രീക്വന്‍സിയില്‍ റേഡിയോ തരംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയും സെല്‍ ടവറുകളുമായി ബന്ധിപ്പിക്കുന്നതും സിഗ്‌നലുകള്‍ സ്വീകരിക്കുന്നതും തടസപ്പെടുത്തും. അതുവഴി ഇന്റര്‍നെറ്റ് സേവനം തടയാനുമാണ് സിഗ്‌നല്‍ ജാമര്‍ ഉപയോഗിക്കുന്നത്. സിഗ്‌നല്‍ ജാമര്‍ സ്ഥാപിച്ചയാളെ ഏജന്‍സി കണ്ടെത്തുകയും ചെയ്തു. സിഗ്‌നല്‍ ജാമര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. 30,000 യൂറോ പിഴയും ആറ് മാസം തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇദ്ദേഹം ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം നഗരത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് സേവനവും തടസ്സപ്പെടുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ലോക്ഡൗണ്‍ കാലം മുതല്‍ മക്കള്‍ രാത്രിയിലും ഉറക്കമില്ലാതെ ഇന്റര്‍നെറ്റും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് തടയാന്‍ ചെയ്തതാണെന്നും പിതാവ് വ്യക്തമാക്കി.