‘മാളികപ്പുറം…. നല്ല ചേരുവകള്‍ നല്ല പാകത്തില്‍ ചേര്‍ത്ത നല്ലൊരു വിഭവം’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മാളികപ്പുറം…. നല്ല ചേരുവകള്‍ നല്ല പാകത്തില്‍ ചേര്‍ത്ത നല്ലൊരു വിഭവമെന്നാണ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സ്പോയിലർ ഉണ്ട്. കാണാത്തവർ വായിക്കണ്ടാട്ടോ 🙏🥰
റിലീസിംഗ് സമയത്ത് തീയറ്ററിൽ പോയികാണാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തത്കൊണ്ടും റിലീസ് കഴിഞ്ഞിട്ട് ഇത്രയും നാളായതുകൊണ്ടും OTT തന്നെ ശരണം എന്ന് കരുതി നോക്കിയിരുന്ന ഒരു സിനിമ, തൂത്തിട്ടും തൂത്തിട്ടും (ആരൊക്കെയോ ) പോകാത്ത പാട് പോലെ തീയറ്ററിൽ നിന്നെന്നെ മാടി വിളിച്ചപ്പോ രണ്ടു ദിവസത്തിന് മുൻപ് പോയങ്ങു കണ്ടു.
ആഹാ…. എന്താ ഫീൽ. ഏത് സിനിമയായാലും തീയറ്ററിൽ തന്നെ പോയി കാണണംന്ന് ആഗ്രഹമുള്ളയാളാണ് ഞാൻ. ചിലതൊക്കെ ചെറിയ സ്‌ക്രീനിൽ കണ്ടാലും വല്യ കേടുപാടൊന്നും വരാറില്ല. എന്നാലിത് തീയറ്ററിൽ തന്നെ കാണണം. എങ്കിലേ ആ ഫീൽ കിട്ടൂ. ഏത് പേരിലോ രൂപത്തിലോ ആയാലും, ദൈവത്തിനെ വിശ്വസിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പ്രത്യേകിച്ചും. അല്ലാത്തവരിലും ആകെ മൊത്തം ടോട്ടൽ ഒരു രോമാഞ്ചം വരുത്തുന്ന സിനിമയാണ്, മാളികപ്പുറം. (അത് പറഞ്ഞപോഴാ ഓർത്തത്, രോമാഞ്ചവും കിടു സിനിമയാണെന്ന് കേൾക്കുന്നു. കണ്ടില്ല )
മാളികപ്പുറത്തിലേക്ക് വരാം. കഥയുടെ ത്രെഡ്‌ഡിൽ ഒരു പുതുമയുമില്ല. നമ്മളൊരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടത്തിത്തരാൻ ലോകം മുഴുവൻ കൂടെ നിൽക്കും എന്ന് പൌലോകൊയ്‌ലോ പറഞ്ഞ, മനസ്സുരുകി പ്രാർത്ഥിച്ചാൽ നന്മുടെ ആഗ്രഹം നിറവേറ്റിത്തരാൻ ഈശ്വരൻ ( കർത്താവോ പടച്ചോനോ ആയ്ക്കോട്ടെ ) നായായും നരിയായും നരനായും മുന്നിലെത്തും എന്ന് നമ്മുടെ അമ്മുമ്മമാർ പറഞ്ഞു തന്നിട്ടുള്ള അതേ കഥ.
എന്നാൽ, ഒരേ മീനും ഒരേ മസാലക്കൂട്ടും ഇട്ട് ഞാൻ വയ്ക്കുന്ന കറി മീങ്കൂട്ടാനും, ഷെഫ് പിള്ള വച്ചാലത് നിർവ്വാണയും ആകുന്നത് പോലൊരു വ്യത്യാസം ഇവിടെയുണ്ട്. നമുക്കറിയുന്ന കഥ വച്ച്, നമുക്കറിയുന്ന ആളുകളെ വച്ച്, നമ്മുക്ക് പരിചയമുള്ള സന്ദർഭങ്ങൾ വച്ച് ശരിക്കും ഒരു നിർവ്വാണ തന്നെയൊരുക്കിയിരിക്കുന്നു അഭിലാഷ്പിള്ളയും കൂട്ടരും. ഒരു കാരണം കൊണ്ടും കുറ്റം പറയാനില്ലാത്ത അസ്സലൊരു നിർവ്വാണ.
ഉണ്ണിമുകുന്ദനല്ലായിരുന്നു അയ്യപ്പദാസ് എങ്കിൽ, പിന്നെ ആരാകുമായിരുന്നു എന്ന് ചോദിച്ചാൽ ഈ സിനിമ തന്നെ ഇല്ലാതാകുമായിരുന്നു എന്നാണ് എന്റെ ഉത്തരം. അത്രയും ഇണങ്ങുന്ന മുഖമായിരുന്നു അയ്യപ്പദാസിന് ഉണ്ണിയുടേത്. ഓരോ നോട്ടത്തിലും ചലനത്തിനും കഥാപാത്രം ആവശ്യപ്പെടുന്ന ദൈവികത നിറഞ്ഞു തുളുമ്പുന്ന രൂപം. കല്ലുവിന്റെ കണ്ണിൽ, അയ്യപ്പനാകുന്ന ഓരോ സമയത്തും ആ ഒരു ഓറ ഉണ്ണിമുകുന്ദനിൽ ഉടലെടുക്കുന്നുണ്ടായിരുന്നു.
കല്ലുവെന്ന ദേവനന്ദയെക്കുറിച്ച് ഒന്നും പറയാനില്ല. കരഞ്ഞുകൊണ്ട് ചിരിക്കാനും ചിരിച്ചുകൊണ്ട് കരയാനും ലാലേട്ടന് മാത്രമല്ല കഴിയുന്നത് എന്ന് ഈ കുഞ്ഞുപ്രായത്തിൽ, പതിനെട്ടാം പടിയിൽ നിന്നു കാണിച്ചുതന്ന കുഞ്ഞുമാളികപ്പുറത്തിനെപ്പറ്റി എന്തു പറയാനാണ്, പൊളിച്ചു മുത്തേ എന്നല്ലാതെ.
മുൻപ് സിനിമയിൽ വന്നപ്പോഴൊക്കെ ഇടയ്കിടയ്ക് പിഷാരടി തെളിയുന്ന ഒരു പിഷാരടിയെയാണ് കണ്ടിട്ടുള്ളത്. എന്നാലിവിടെ തികച്ചും കഥാപാത്രമായിമാറി പിഷാരടിയും. സൈജുകുറുപ്പും ടി ജി രവിയും പഞ്ചായത്ത് മെമ്പറും പിന്നെ പേരറിയാത്ത മറ്റെല്ലാവരും കിടുക്കാച്ചി ആയിരുന്നു. എന്നാൽ ഇതിനേക്കാൾ എല്ലാം എനിക്കിഷ്ടമായത് നമ്മുടെ കാന്താരി പീയൂഷ്‌ സ്വാമിയെയാണ്. എന്താ ചെക്കന്റെ ഒരു സ്ക്രീൻ പ്രെസൻസ്. എന്താ എക്സ്പ്രെഷൻസ്. എന്താ ഡയലോഗ് പ്രെസന്റെഷൻ. തേച്ചു മിനുക്കിയെടുത്താൽ മലയാളസിനിമയ്ക് ഒരു മുത്ത് തന്നെയാകും മ്മടെ പീയൂഷ്‌ സ്വാമി.
സ്കൂളിൽ നിന്ന് മരണവീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോൾ, ആള് കൂടി നിൽക്കുന്നതിന്റെ കാരണമറിയാതെയുള്ള അവന്റെ നോട്ടവും ഭാവവും, ബസിൽ പിന്നിലൊരപകടം പതിയിരിക്കുന്നുവെന്ന തിരിച്ചറിവിന് ശേഷം, അടുത്തിരിക്കുന്ന കല്ലുവിനെ നോക്കുമ്പോൾ ഉള്ള അവന്റെ മുഖം, ആൾക്കൂട്ടത്തിൽ കാണാതെപോയ കൂട്ടുകാരിയെ കാണുമ്പോൾ ആശങ്കമാറി ആശ്വാസം വന്ന മുഖത്ത് അതേ നിമിഷം വരുന്ന സ്വാഭാവികമായ ദേഷ്യം… പൊന്നുമോനേ, നീ പൊന്നപ്പനല്ലെടാ തങ്കപ്പനാ തങ്കപ്പൻ. ആന കുത്താൻ വരുമ്പോഴും ഒറ്റയ്ക്കായിപ്പോകുന്ന തുളസി പീപ്പിയെ ക്കുറിച്ചുള്ള ആശങ്കയിൽ നീ തന്ന ചിരിയോളം അടുത്തിടെ ആരുമെന്നെ ചിരിപ്പിച്ചിട്ടില്ല.
മൊത്തത്തിൽ നല്ലൊരനുഭവമാണ് മാളികപ്പുറം. നല്ല ചേരുവകൾ നല്ല പാകത്തിൽ ചേർത്ത നല്ലൊരു വിഭവം. ദൈവത്തിന്റെ കഥയെന്ന് തോന്നലുണ്ടാക്കുമ്പോഴും, സിനിമയുടെ തുടക്കത്തിൽ ദൈവികഭാവത്തിൽ നിന്നു മകരദീപം കൊളുത്തിയ നായകനെ അവസാനം പോലീസ് വേഷമിടീച്ച് വർത്തമാനകാലത്തിൽ കൊണ്ടുനിർത്തിയ ആ ബുദ്ധിയെ നമിക്കുന്നു. അല്ലെങ്കിൽ വെറുമൊരു പുരാണസിനിമയായിപ്പോകുമായിരുന്ന മാളികപ്പുറം അവിടെയാണ് വലിയൊരു തലത്തിലേക്കുയർന്നത്. കുട്ടികളുടെ മനസ്സിൽ അയ്യപ്പനായിരിക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ കരുണയുള്ള ഒരു പോലീസുകാരനായി നായകനെ പ്രതിഷ്ഠിക്കാൻ കഴിഞ്ഞത്കൊണ്ടാണ് ജനങ്ങൾ ഇത്ര സ്നേഹത്തോടെ ഈ സിനിമയെ ചേർത്തുപിടിച്ചത്. ഇത്രയും ദിവസങ്ങൾക്കു ശേഷവും ഒരേ സ്ഥലത്ത് രണ്ടു തീയറ്ററുകളിൽ മുഴുവൻ ഷോ കളും ഉണ്ടായിട്ടും ഒരു സീറ്റ് പോലും ഒഴിഞ്ഞുകിടക്കാത്ത തീയറ്ററിൽ ഇരുന്ന് സിനിമ കാണാൻ കഴിഞ്ഞത് തന്നെ തെളിവ്. ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും സ്നേഹം.. നന്ദി.
Previous articleക്രിസ്റ്റഫറിനെ തകര്‍ക്കുകയെന്ന് ലക്ഷ്യം; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം
Next articleദിവസവും പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കുക;നയൻതാര വിദ്യാർത്ഥികളോട് പറഞ്ഞത്!