ഏതാണ്ട് രണ്ടുവര്‍ഷത്തോളമായുള്ള സൗഹൃദത്തിനും സ്നേഹത്തിനുമൊടുവിലായിരുന്നു എന്റെയും ഗൗതമിന്റെയും വിവാഹമെങ്കില്‍ പോലും ഉള്ളില്‍ വല്ലാത്തൊരാന്തല് ആയിരുന്നു

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവതിയുടെ പോസ്റ്റ്, തന്റെ വിവാഹ വാർഷിക ദിനത്തിൽ യുവതി പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, കല്ല്യാണത്തിനു മുമ്പും അതിനുശേഷവുമുള്ള ദിവസങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തില് നല്ലത്. ഒരിക്കലും കല്ല്യാണ ദിനമല്ല…

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവതിയുടെ പോസ്റ്റ്, തന്റെ വിവാഹ വാർഷിക ദിനത്തിൽ യുവതി പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, കല്ല്യാണത്തിനു മുമ്പും അതിനുശേഷവുമുള്ള ദിവസങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തില് നല്ലത്. ഒരിക്കലും കല്ല്യാണ ദിനമല്ല എന്ന് യുവതി പറയുന്നു.

പോസ്റ്റ് വായിക്കാം

ഏഴ് വര്‍ഷം……
സത്യം പറഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം മാനസ്സിക സമ്മര്‍ദ്ദം അനുഭവിച്ച ദിവസങ്ങളിലൊന്നാണ് ഫെബ്രുവരി 9 . എന്റെ വിവാഹദിനം.
മേക്കപ്പും സാരിയുടുക്കലുമൊക്കെയായി ഞാനാകെ തിരക്കിലായിരുന്നു മുഹൂര്‍ത്തം വരെ . പല ഭാഗങ്ങളിലുള്ള ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം കാണുന്നതിന്റെ ത്രില്ലില്‍ കുറെ സമയം ചിരിച്ചു കടന്നു പോയെങ്കിലും 12 മണിയോടടുത്ത് ഉള്ളില്‍ ആന്തല്‍ വന്നു തുടങ്ങി. അടുത്തൊന്നും എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യമില്ല. അച്ഛന്‍ ഭക്ഷണം വിളമ്പല്‍ പരിസരത്ത് തിരക്കിലായി. അനിയത്തിയും കസിന്‍സുമെല്ലാം അവരുടെതായ ലോകത്ത്. ഞാന്‍ പുതിയ ഒരു ഫാമിലിക്കൊപ്പം.

 

ഏതാണ്ട് രണ്ടുവര്‍ഷത്തോളമായുള്ള സൗഹൃദത്തിനും സ്നേഹത്തിനുമൊടുവിലായിരുന്നു എന്റെയും ഗൗതമിന്റെയും വിവാഹമെങ്കില്‍ പോലും ഉള്ളില്‍ വല്ലാത്തൊരാന്തല്‍. അവനെന്റെ തൊട്ടുത്തുള്ളപ്പോഴും മനസ്സു മൊത്തം വീട്ടുകാരെയും കസിന്‍സിനെയും വട്ടമിട്ടു ഗതികിട്ടാതലഞ്ഞു. കല്ല്യാണ ശേഷം തറവാട്ടില്‍ എല്ലാവരുമൊത്തുള്ള റിലാക്സിങ് മോഡിലേക്ക് പോകാനാവാതെ ഞാന്‍ വിഷണ്ണയായി. ഞങ്ങടെ കഥപറച്ചിലും ചിരിയും യാതൊരുവിധ ഇന്‍ഹിബിഷന്‍സും ഇല്ലാതെ റോയായുള്ള ഞങ്ങടേതായ ഒരു സമയമായിരുന്നു അവയെല്ലാം. അതെല്ലാം എനിക്ക് മിസ്സ് ആയി. ഞാനാണല്ലോ കല്ല്യാണപ്പെണ്ണ്.

ഉച്ചയോടെ അനുജത്തി ഹൃദ്യയും മൂഡെല്ലാം മാറി തന്റെ സംഘര്‍ഷമെല്ലാം മുഖത്ത് വാരിയണിഞ്ഞ് നടന്നു. അതെന്നെ കൂടുതല്‍ ആകുലയാക്കി. സദ്യ പൊതുവെയെനിക്ക് കണ്ണെടുത്താല്‍ കണ്ടൂട. ഉള്ളിലേക്ക് ഊണിറങ്ങാത്ത അവസ്ഥ. പായസം നുണഞ്ഞു സ്വയം തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പായസ്സത്തിനുവരെ വല്ലാത്തൊരു മടുപ്പിക്കുന്ന മധുരം. അപ്പോഴെല്ലാം ഞാന്‍ ഗൗതമിന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു. എന്റെ പരിസരത്ത് എന്റെ പ്രയിപ്പെട്ടവരും ബന്ധുക്കളാരും തന്നെയില്ല.ഗൗതമിന്റെ കൂടെ നിന്ന് കുറെ ഫോട്ടോയെടുത്ത് റിലാക്സിങ് മോഡിലേക്ക് പോകാമെന്നാഗ്രഹിച്ചപ്പോഴും വീട്ടിലെത്തേണ്ട മുഹൂര്‍ത്തം ഓര്‍മ്മിപ്പിച്ച് ആ ഫോട്ടോ ഷൂട്ട് നടന്നില്ല.

പിന്നെ പെട്ടെന്നായിരുന്നു ഓഡിറ്റോറിയത്തില്‍ നിന്നുള്ള ഇറക്കം. ചുറ്റിലും ചേച്ചിമാര്‍, അച്ഛന്‍, അമ്മ, വല്ല്യമ്മമാര്‍, ഏട്ടന്‍മാര്‍, പ്രിയ സുഹൃത്ത് ഡോണ. ശ്ശോ,,,നെഞ്ചില്‍ നിന്ന് എന്തോ ഒരു സാധനം ഉരുണ്ടു കൂടി ചങ്കിലെത്തി പുറത്തേക്കുരുളാന്‍ തുടങ്ങി. സ്വയം പിടിച്ചുവെച്ചു. ‘അയ്യേ അയ്യേ,നിലീനയില്‍ നിന്നിത് പ്രതീക്ഷിച്ചില്ല’ എന്ന കളിയാക്കലിനപ്പുറം ഒരു ആശ്വാസ വാക്കിനായി എന്റെ ഹൃദയം തേങ്ങി. ഹൃദ്യയുടെ കണ്ണുനീരണപൊട്ടി. പിന്നെ എനിക്ക് പിടിച്ചുനിര്‍ത്താനായില്ല. ഇന്‍ഹരിഹര്‍ നഗറിലെ അപ്പുകുട്ടനെപ്പോലെ ഒരു നിലവിളിയായിരുന്നു ഞാന്‍. ചേച്ചിമാരും വല്ല്യമ്മമാരും അമ്മേടെ അനിയത്തിമാരെല്ലാവരും കൂടി ചേര്‍ന്നത് കൂട്ടനിലവിളിയായി.

 

കരച്ചില്‍ നിര്‍ത്താന്‍ അച്ഛന്‍ ആംഗ്യം കാണിച്ചു ഭീഷണി മുഴക്കി. കാറില്‍ കയറി ഗൗതമിന്റെ വീട്ടിലേക്ക്. പോകും വഴി എന്റെ വീടും വഴിയും കണ്ട് വീണ്ടും ഉള്ളു കലങ്ങി. അന്ന് മൊത്തം വേദനയുള്ളില്‍ നിര്‍ത്തി എല്ലാവരോടും ഇളിച്ചു കാട്ടി നടന്നു. ഗൗതം വല്യ ആശ്വാസമായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം നന്നായറിയാമായിരുന്നു. പ്രേമ വിവാഹമല്ലാത്ത വിവാഹങ്ങളില്‍ കല്ല്യാണ ദിവസം സ്ത്രീകള്‍ എത്രമാത്രം സംഘര്‍ഷങ്ങളിലൂടെയാവാം പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടമാണ്. ഗൗതമിന്റെ വീട്ടിലെ ഒരാഴ്ചത്തെ താമസത്തിനു ശേഷം ഞാന്‍ തൃശ്ശൂരിലെ എന്റെ താമസസ്ഥലത്തേക്ക് മടങ്ങി.തൃശ്ശൂര്‍ മാതൃഭൂമിയിലായിരുന്നു അന്ന് ജോലി.
അവധി ദിവസങ്ങളില്‍ ഗൗതം ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടെ അവന്റെ വീട്ടിലേക്കു വരും. ഞാന്‍ തൃശ്ശൂരില്‍ നിന്നും അവനെ കാണാന്‍ അവന്റെ വീട്ടിലേക്ക്. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍യാത്രയില്‍ പരപ്പനങ്ങാടിയിൽ intercity train നിര്‍ത്തുമ്പോള്‍ ഉള്ളില്‍ നിന്നൊരു നിലവിളി ഉയരും.

ആ സ്റ്റോപ്പില്‍ ട്രെയിനിറങ്ങാന്‍ തോന്നും. വീട്ടിലേക്കോടാന്‍ തോന്നും. അവിടെ നല്ല കിടു ചായയിട്ട് കാത്തിരിക്കുന്ന അച്ഛന്റെ മുഖം മനസ്സിലേക്കോടിയെത്തും. സ്റ്റോപ്പിലിറങ്ങാന്‍ പറ്റില്ലാലോ. ബാംഗ്ലൂരില്‍ നിന്ന് വന്ന് കോഴിക്കോട്ടെ അവന്റെ വീട്ടില്‍ ഗൗതമും എന്നെ കാത്തിരിക്കുകയല്ലേ…. ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് വിവാഹ ദിവസത്തെ മാനസ്സിക സംഘര്‍ഷത്തെ അതിജീവിച്ച സ്ത്രീകള്‍ക്ക് അത്രപെട്ടെന്നൊന്നും പിന്നീട് ഹാര്‍ട്ട് അറ്റാക്ക് വരില്ലെന്ന്. അത്രമാത്രം സംഘര്‍ഷത്തെ അതിജീവിച്ചാണ് ആ ദിവസം സ്ത്രീകളെ സംബന്ധിച്ച് കടന്നു പോകുന്നത്. വിവാഹ ദിവസത്തെ ആ സ്പേഷ്യല്‍ ട്രാന്‍സിഷന്‍…. അത് അനുഭവിച്ചാലേ മനസ്സിലാവൂ. ഏഴ് കൊല്ലം മുമ്പത്തെ കാര്യമാണ്. വാട്സാപ്പും വീഡിയോ കോളുമെല്ലാം ഇത്ര കോമണ്‍ ആയ ഈ കാലത്ത് ഇതൊന്നും വലിയ പ്രശ്‌നമല്ലായിരിക്കാം.

ഭര്‍ത്താവിന്റെ വീടും അവിടുള്ളവരും എന്താണെന്ന് ഏതാണ്ടുള്ള ധാരണ ഇപ്പോഴത്തെ പല പെണ്‍കുട്ടികള്‍ക്കും ഉണ്ടാകും. എന്നാലും ആ സ്പേഷ്യല്‍ ട്രാന്‍സിഷന്‍ ഉണ്ടാക്കുന്ന ആഘാതം ശരിക്കും പഠന വിധേയമാക്കേണ്ട വിഷയമാണ്. നിസ്സാരമായി തോന്നാം. പക്ഷെ അങ്ങനല്ലിത്.
ഇന്ന് ഞങ്ങടെ വെഡ്ഡിങ് ഡേ. ആ ദിവസത്തെ സംഘര്‍ഷമാലോചിക്കുമ്പോള്‍ എനിക്കൊട്ടും താത്പര്യം തോന്നാത്ത ദിവസമാണിന്ന്. കല്ല്യാണത്തിനു മുമ്പും അതിനുശേഷവുമുള്ള ദിവസങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ നല്ലത്. ഒരിക്കലും കല്ല്യാണ ദിനമല്ല.
വെഡ്ഡിങ് ഡേയില്‍ ഇതൊന്നും വായിക്കാന്‍ ആഗ്രഹമില്ലായിരിക്കും. പക്ഷെ ഇതായിരുന്നു എന്റെ അന്നത്തെ മാനസ്സികാവസ്ഥ. എന്തും പറയാവുന്ന ഒരു സ്പേസിലേക്ക് ഇന്നു നമ്മുടെ സൗഹൃദവും വളര്‍ന്നല്ലോ…