# മലയാളസിനിമയുടെ മുഖശ്രീ ;  ശ്രീവിദ്യ ഓർമ്മയായിട്ട് 17 വർഷം 

- Link: https://ml.b4blaze.com/film-news/17-years-since-srividya
- Published: 2023-10-19T15:19:11+05:30
- Author: Sreekumar

മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യ ഓർമ ആയിട്ട് ഇന്ന് 17 വർഷമായി. മലയാള സിനിമയുടെ ശ്രീ
എന്നു തന്നെയാണ് ശ്രീവിദ്യ വിശേഷിപ്പിക്കപ്പെട്ടതും. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി
നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. വിട പറഞ്ഞ് 16 വര്‍ഷമാകുമ്പോഴും
അഭിനയത്തികവില്‍ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും ഇടം പിടിച്ച മഹാപ്രതിഭയെ
ഓർമിക്കാതിരിക്കാനാകില്ല. 1953 ജൂലൈ 24 ന് തമിഴ് നാട്ടിലെ മദ്രാസിൽ സംഗീതജ്ഞയായ എം.
എൽ വസന്തകുമാരിയുടെയും ആർ. കൃഷ്ണമൂർത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം
മുതൽക്കു തന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്
അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്
നൃത്തത്തിലാണ്. പതിമൂന്നാം വയസില്‍  തിരുവുള്‍  ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.
അമ്പലപ്രാവ് എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു. മനോഹരമായ
കണ്ണുകളുള്ള ഈ പെൺകുട്ടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. 1969 ൽ എൻ ശങ്കരൻ നായരുടെ
സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ചട്ടമ്പിക്കവല’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായി ശ്രീവിദ്യ
മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ഒറ്റ ചിത്രത്തിലെ നായികാ വേഷം ശ്രീവിദ്യയെ മുഖ്യ
ധാരയിൽ എത്തിച്ചു. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി മാറുകയായിരുന്നു ശ്രീവിദ്യ.
അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ചു. പ്രശസ്തപുണ്യപുരാണചിത്രമായ
അംബ അംബിക അംബാലിക എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി ‘സൊല്ലത്താൻ നിനിക്കിറേനും’‘
അപൂർവ രാഗങ്ങളും’ ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,
ജീവിതം ഒരു ഗാനം, കാറ്റത്തെ കിളിക്കൂട്,  റൗഡി രാജമ്മ , രചന, ആദാമിന്റെ വാരിയെല്ല്,
എന്റെ സൂര്യപുത്രിക്ക്, വേനലിൽ ഒരു മഴ, അനിയത്തിപ്രാവ് , ദൈവത്തിന്റെ വികൃതികൾ, പഞ്ചവടിപ്പാലം,
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, ആറാം തമ്പുരാൻ, പവിത്രം, നക്ഷത്രത്താരാട്ട്, കാബൂളിവാല,
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, രാജശില്പി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളിൽ
അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ശ്രീവിദ്യ.

1979 ൽ ശ്രീവിദ്യയുടെ അഭിനയ മികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു
മികച്ച നടിക്കുള്ള പുരസ്കാരം. 1983-ൽ ‘രചന’, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ
ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്കാരങ്ങളെത്തി. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും
ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. അവസാന നാളുകളിൽ മിനി സ്ക്രീനിലും  സജീവമായ ശ്രീവിദ്യ
ഒട്ടേറെ സീരിയലുകളിൽ വേഷമിട്ടു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെടെലിവിഷൻ അവാർഡും
നേടിയിട്ടുണ്ട്. എന്നാൽ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ
ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും ഒരുപാട് പരാജയവും കയ്പ്പ് നീരും രുചിക്കേണ്ടി
വന്നു ശ്രീവിദ്യക്ക്. അന്നൈ  വേളാങ്കണ്ണി , ഓർമ്മകൾ , അപൂർവ രാഗങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ
അഭിനയിക്കുമ്പോൾ ശ്രീവിദ്യ കമൽഹാസനുമായി പ്രണയത്തിലായി, പക്ഷേ കമൽ ഹാസൻ  വാണി ഗണപതിയെ
പ്രണയിക്കാൻ തുടങ്ങി , അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞതിന് ശേഷം കമൽ ഹാസനുമായുള്ള
ബന്ധം ശ്രീവിദ്യ ഉപേക്ഷിച്ചു. പിന്നീടുള്ള കാലയളവിൽ അവർ ചലച്ചിത്ര സംവിധായകൻ ഭരതനുമായി
പ്രണയത്തിലായി . എന്നാൽ ഈ ബന്ധം തുടരാൻ കഴിയാതെ ഭരതൻ കെ പി എസ് സി ലളിതയെ വിവാഹം കഴിച്ചു.
പിന്നീട് മധു നായകൻ ആയെത്തിയ തീക്കനൽ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന
ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 1978 
ജനുവരി 19 ന് ഇവർ വിവാഹിതരായി. എന്നാൽ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബ ജീവിതം 1999
ഏപ്രിലിൽ വിവാഹ മോചനത്തിൽ അവസാനിച്ചു. ഒടുവിൽ 2006 ഒക്ടോബർ 19ന്, 53-ാം വയസില്‍ കാൻസറിന്റെ
രൂപത്തിൽ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു. മരണശേഷം ഒട്ടേറെ
സിനിമകളിൽ മരിച്ചു പോയ അമ്മയുടെ കഥ പറയുമ്പോൾ അവിടെയൊക്കെ  ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ
പോലും ശ്രീവിദ്യ ഇടം പിടിച്ചു.
