# ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

- Link: https://ml.b4blaze.com/film-news/a-mass-touch-to-the-diwali-celebrations-a-special-poster-for-mammoottys-mela-has-been-released-arriving-in-theaters-in-2027
- Published: 2026-11-08T16:17:29+05:30
- Author: Sana Fathima

ദീപാവലി ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘മേള’യുടെ 
സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്റർ ഇതിനോടകം
സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം
വമ്പൻ കാൻവാസിലുള്ള മാസ് എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. 2027ലാണ് സിനിമയുടെ തിയേറ്റർ
റിലീസ് പ്രതീക്ഷിക്കുന്നത്. കറുത്ത വേഷത്തിൽ മാസ് ലുക്കിൽ നടുവിലെ കസേരയിൽ ഇരിക്കുന്ന
മമ്മൂട്ടിയും അദ്ദേഹത്തിന് ചുറ്റുമുള്ള സഹതാരങ്ങളുമാണ് പുതിയ പോസ്റ്ററിലെ പ്രധാന ആകർഷണം.
പോസ്റ്ററിനൊപ്പം പുറത്തുവിട്ട വിഷ്ണു വിജയിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകർക്കിടയിൽ
വലിയ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം എത്തിയ സംഗീതം
സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിന് പിന്നാലെ പുതിയ പോസ്റ്ററിലെ മ്യൂസിക്കും ആരാധകർ
ഏറ്റെടുത്തിരിക്കുകയാണ്.

മമ്മൂട്ടിയുടെ ആക്ഷൻ, കോമഡി, മാസ് പ്രകടനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം
ഒരുക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്.
നിർമാണക്കമ്പനിയുടെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ട് കൂടിയാണ് ‘മേള’. 
ജൂലൈ അവസാനത്തോടെ ആരംഭിച്ച ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ
ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതവും ബ്ലെസ് തോമസ് എഡിറ്റിങ്ങും കൈകാര്യം
ചെയ്യുന്നു. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും
ഒരുക്കിയിരിക്കുന്നത്.

 വമ്പൻ താരനിരയെ അണിനിരത്തി വലിയ നിർമ്മാണച്ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്.‘ഫാലിമി’
എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. തുടർന്ന് തമിഴിൽ ‘തലൈവർ
തമ്പി തലൈമയിൽ’ എന്ന വിജയചിത്രവും അദ്ദേഹം ഒരുക്കി. ഈ സിനിമകൾക്ക് ശേഷം നിതീഷ് മലയാളത്തിലേക്ക്
മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘മേള’യ്ക്കുണ്ട്. ‘കളങ്കാവൽ’ എന്ന ചിത്രത്തിന്
ശേഷമാണ് മമ്മൂട്ടി കമ്പനി തങ്ങളുടെ പുതിയ നിർമ്മാണ സംരംഭവുമായി എത്തുന്നത്. ഇതിനോടകം
ശ്രദ്ധേയമായ എട്ട് സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനിയുടെ ഒൻപതാമത്തെ ചിത്രമെന്ന 
നിലയിലും ‘മേള’യ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിനാണ്.