# ‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം വരുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

- Link: https://ml.b4blaze.com/film-news/a-sequel-to-bhouma-is-on-the-way-the-makers-have-made-an-official-announcement
- Published: 2026-11-15T14:36:21+05:30
- Author: Sana Fathima

പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്ന ഗോഥിക്
ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ
വിജയാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിലാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ
ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ
ദുരൂഹതകളുടെ തുടർച്ചയായിരിക്കും രണ്ടാം ഭാഗമെന്നാണ് ലഭിക്കുന്ന സൂചന. റെജിൻ എസ്. ബാബു
രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനായ
ഈശോ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിനീത്, സാഗർ സൂര്യ,
രേവതി ശർമ, ലെന എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സും
അതിലൂടെ വെളിപ്പെടുന്ന രഹസ്യങ്ങളും ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ
അന്തരീക്ഷം കൂടുതൽ മികവുറ്റതാക്കി. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച സ്വീകാര്യതയാണ് രണ്ടാം
ഭാഗം ഒരുക്കാനുള്ള പ്രചോദനമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. രണ്ടാം ഭാഗത്തിലെ താരനിര
ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അറിയിച്ചു. ‘പെൻഡുലം’
എന്ന ചിത്രത്തിനുശേഷം റെജിൻ എസ്. ബാബു ഒരുക്കിയ ‘ഭൗമ’യിൽ അതിഥി ബാലൻ, മധുപാൽ, മോക്ഷ
സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, 
സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ
ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരന്നിരിക്കുന്നത്.

ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, തമിഴ്,
തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന് വിവിധ കേന്ദ്രങ്ങളിൽ 
നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ഭാവന റിലീസിനാണ്.

എം.ആർ. രാജാകൃഷ്ണൻ ശബ്ദമിശ്രണവും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത്
സൗണ്ട് ഡിസൈനും നിർവഹിച്ചു. സൂരജ് ഇ.എസ്. ആണ് എഡിറ്റർ. ലിജു പ്രഭാകറാണ് കളറിസ്റ്റ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡാനിഷ് കെ.എ. പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്. കഥ: ഡോണി
കടമ്മനിട്ട. കോസ്റ്റ്യൂം: ഗോപിക ഉണ്ണികൃഷ്ണൻ. മേക്കപ്പ്: റോണി വെള്ളത്തൂവൽ. ചീഫ് അസോസിയേറ്റ്
ഡയറക്ടർ: അബ്രു സൈമൺ. സ്റ്റണ്ട്: കലൈ കിങ്‌സൺ. ആർട്ട് ഡയറക്ടർ: സിബിൻ വർഗീസ്. സ്റ്റിൽസ്:
ജിതിൻ എസ്. ബാബു. പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ
എന്റർടെയ്ൻമെന്റ്‌സ്. പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്. ആദ്യഭാഗത്തിലെ ദുരൂഹതകൾക്ക്
കൂടുതൽ വിശദീകരണങ്ങളുമായി രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.
