# ആഞ്ഞടിച്ച് ആടുജീവിതം സ്ട്രോം! കടപുഴകി മഞ്ഞുമ്മലിന്റെ റെക്കോർഡുകളും,ലോകത്തിന് മുന്നിൽ തലയുയർത്തി മലയാളം

- Link: https://ml.b4blaze.com/film-news/aadujeevitham-collection-report
- Published: 2024-04-05T13:59:13+05:30
- Author: Ajay

മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തി കുറിച്ച് കൊണ്ടുള്ള കുതിപ്പ് തുടർന്ന് ആടുജീവിതം.
100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് ബ്ലെസി ഒരുക്കിയ ഈ പൃഥ്വിരാജ് ചിത്രം. 
യുകെയിൽ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ ആടുജീവിതം പേരിലാക്കി കഴിഞ്ഞു എന്നാണ്
ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷം തന്നെ തീയറ്ററുകൾ നിറച്ച മഞ്ഞുമ്മൽ ബോയ്സിനെയാണ്
പൃഥ്വി ചിത്രം പിന്നിലാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aadu1.jpg?resize
=911%2C556&ssl=1)

യുകെ, അയർലാൻഡ് ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ കുതിപ്പാണ് ആടുജീവിതം നടത്തുന്നത്. ചിദംബരത്തിന്റെ
മഞ്ഞുമ്മൽ ബോയ്‍സ് 42 ദിവസങ്ങൾ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപ ആയിരുന്നു. എന്നാൽ
ആടുജീവിതം വെറും ഏഴ് ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്‍സിന്റെ യുകെ കളക്ഷൻ മറികടന്ന് മുന്നോട്ട്
പോവുകയാണ്. യുകെയിലും അയർലാൻഡിൽ നിന്നുമായി 8,07 കോടി മഞ്ഞുമ്മൽ ബോയ്‍സ് നേടിയപ്പോൾ
മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് നേടിയത്.

ദുൽഖർ നായകനായ കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ ഇതിനകം തന്നെ ആടുജീവിതം മറികടന്നിരിക്കുന്നു
എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ദുൽഖറിന്റെ കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു
നേടിയത്. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡും നേരത്തെ 
തന്നെ ആടുജീവിതം പേരിലാക്കിയിരുന്നു.
