# ആടുജീവിതം തിയ്യേറ്ററില്‍ കാണാത്ത സീനുകളും!! ഒടിടിയിലേക്ക് അണ്‍കട്ട് വേര്‍ഷന്‍

- Link: https://ml.b4blaze.com/film-news/aadujeevitham-uncut-version-to-ott
- Published: 2024-03-31T16:11:40+05:30
- Author: Anu

ജീവിതം പച്ചപിടിപ്പിക്കാന്‍ മരുഭൂമിയിലേക്ക് ചേക്കേറേണ്ടി വന്ന നജീബിനെ മണലാരണ്യത്തില്‍
കാത്തിരുന്ന കരളലിയിക്കുന്ന അതിജീവന കഥ ആടുജീവിതം തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ 
പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടു നിന്നും വലിയ ആശംസാപ്രവാഹമാണ് ചിത്രത്തിനെ തേടി
എത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. നജീബായി
പൃഥ്വി സ്‌ക്രീനില്‍ ജീവിയ്ക്കുകയായിരുന്നു. 70 ശതമാനത്തിലധികം തിയേറ്റര്‍ ഓക്യുപെന്‍സിയാണ്
കേരളത്തിനകത്തും പുറത്തും ചിത്രത്തിന് ലഭിക്കുന്നത്. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ
ഒടിടി അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ടീം.
  ചിത്രം ഒടിടിയിലെത്തുമ്പോള്‍ തിയേറ്ററില്‍
കാണാത്ത സീനുകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ്
ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനാകും ഒടിടിയില്‍ എത്തുക എന്നാണ്
ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പറയുന്നത്. ചിത്രം ഇപ്പോള്‍ കാണുന്ന രണ്ട് മണിക്കൂര്‍
57 മിനിറ്റിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലുണ്ടെന്ന് ബ്ലെസി തന്നെ പറഞ്ഞിരുന്നു. സമയക്രമം
പാലിക്കാന്‍ ഫൂട്ടേജില്‍ നിന്ന് 30 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീന്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും
അദ്ദേഹം പറഞ്ഞിരുന്നു.  അതേസമയം, ആടുജീവിതത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍ ഒടിടിയില്‍ 
റിലീസ് ചെയ്യാനാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ്
റിപ്പോര്‍ട്ട്. ഒടിടി റിലീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചിത്രത്തിന്
ലഭിക്കുന്ന വലിയ പ്രേക്ഷക പിന്തുണയും തിയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്കും വ്യക്തമാക്കുന്നത്
ഒടിടിയിലെത്താന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ്.
