# മകള്‍ ഇറയുടെ വിവാഹം!! മുന്‍ ഭാര്യ റീനയുടെ വീട്ടിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ആമിര്‍ ഖാന്‍

- Link: https://ml.b4blaze.com/film-news/aamir-khan-at-ex-wife-reena-duttas-house
- Published: 2024-01-02T21:44:59+05:30
- Author: Anu

ബോളിവുഡിന്റെ പ്രിയ താരമാണ് നടന്‍ ആമിര്‍ഖാന്‍. ഏറെ ആരാധകരുള്ള താരത്തിന്റെ കുടുംബത്തിലെ
സന്തോഷമാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ മകള്‍ ഇറഖാന്റെ വിവാഹമാണ് നാളെ. വിവാഹാഘോഷത്തിലാണ്
താരവും. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഭാര്യ റീന ദത്തയുടെ വസതിയിലെത്തിയിരിക്കുകയാണ്
ആമിര്‍.

വിവാഹ ആഘോഷ പരിപാടികളുടെ ഭാഗമായി ദീപാലങ്കാരത്തില്‍ കുളിച്ചുനില്‍ക്കുകയാണ് റീനയുടെ
വീട്. മുംബൈയിലെ താരത്തിന്റെ വസതിയിലും വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആമിര്‍ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ ഔട്ട്ഡോര്‍ പരിപാടിയായാണു ഇറയുടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
രജിസ്റ്റര്‍ വിവാഹത്തിന് ശേഷമാണ് വിവാഹചടങ്ങുകള്‍. മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ്
ഹോട്ടലില്‍ വലിയ വിരുന്നും നടക്കുന്നുണ്ട്.

ഫിറ്റ്നെസ് ട്രെയിനറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ആണ് ഇറയുടെ വരന്‍. കഴിഞ്ഞ സെപ്റ്റംബറില്‍
ഇറ്റലിയിലായിരുന്നു താരപുത്രിയുടെ വിവാഹനിശ്ചയം നടന്നത്. നവംബറില്‍ അടുത്ത ബന്ധുക്കളും
സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് വിരുന്നു നടത്തിയിരുന്നു.
  അടുത്തിടെ ഇറയ്ക്ക് അവാര്‍ഡ്
ലഭിച്ചപ്പോള്‍ ആ പുരസ്‌കാര ദാന ചടങ്ങിലും ആമിറും റീന ദത്തയും ഒരുമിച്ച് എത്തിയിരുന്നു.
സിഎസ്ആര്‍ ജേര്‍ണല്‍ എക്സലന്‍സ് അവാര്‍ഡ്സില്‍ ഇന്‍സ്പെയ്‌റിങ് യൂത്തിനുള്ള പുരസ്‌കാരമാണ്
ഇറ ഖാന്‍ കരസ്ഥമാക്കിയത്. ഈ പുരസ്‌കാര ദാനച്ചടങ്ങിലാണ് ഇറയുടെ അച്ഛനും അമ്മയും ഒരുമിച്ചെത്തിയത്.
വിവാഹ മോചിതരായെങ്കിലും മക്കളുടെ കാര്യങ്ങള്‍ക്ക് ഇരുവരും ഒന്നിച്ച് എത്താറുണ്ട്.  
1986 ലായിരുന്നു ആമിര്‍ ഖാനും റീന ദത്തയുമായുളള വിവാഹിതരായത്. 2002 ല്‍ ഇരുവരും വിവാഹ
മോചിതരായി. ഈ ബന്ധത്തില്‍ ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകനുമുണ്ട് താരത്തിന്.
