# മകളുടെ നേട്ടത്തില്‍ അഭിമാനം!!! ഇറാഖാന്റെ സന്തോഷ നിമിഷത്തില്‍ ഒന്നിച്ചെത്തി ആമിര്‍ഖാനും ആദ്യഭാര്യയും

- Link: https://ml.b4blaze.com/film-news/aamir-khan-attends-an-event-with-daughter-ira-and-ex-wife-reena
- Published: 2023-12-11T17:44:50+05:30
- Author: Anu

ബോളിവുഡിന്റെ പ്രിയതാരമാണ് നടന്‍ ആമിര്‍ ഖാന്‍. താരപുത്രി ഇറാ ഖാനും ഏറെ ആരാധകരുണ്ട്.
ഇത്രയും വലിയ സൂപ്പര്‍സ്റ്റാറിന്റെ മകളായിട്ടും ഇറ ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല.
ഇപ്പോഴിതാ മകളുടെ സന്തോഷ നിമിഷത്തില്‍ അച്ഛനും അമ്മയും ഒരുമിച്ച് എത്തിയിരിക്കുകയാണ്.
ആ ചിത്രമാണ് ആരാധകരെയും സന്തോഷിപ്പിക്കുന്നത്. ഏറെ നാള്‍ക്ക് ശേഷമാണ് ഇറയെയും ആമിറിനെയും
അമ്മ റീനയെയും ഒരുമിച്ച് കാണുന്നത്.

ഇറ ഖാന് ഇന്‍സ്പെയ്‌റിങ് യൂത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സിഎസ്ആര്‍ ജേര്‍ണല്‍
എക്സലന്‍സാണ് പുരസ്‌കാരം നല്‍കുന്നത്. ഈ ചടങ്ങിലാണ് ഇറയുടെ അച്ഛനും അമ്മയും ഒരുമിച്ച്
എത്തിയത്. മകള്‍ക്ക് വേണ്ടി ഒരുമിച്ച് വേദി പങ്കിട്ട ഇരുവരെയും അഭിനന്ദിക്കുകയാണ് ആരാധകര്‍.
ഇറയുടെ ഭാവി വരന്‍ നൂപുരും ചടങ്ങിനെത്തിയിരുന്നു. ശനിയാഴ്ച മുംബൈയിലായിരുന്നു ചടങ്ങ്
നടന്നത്.
  വേര്‍പിരിഞ്ഞിട്ട് 20 വര്‍ഷങ്ങളായെങ്കിലും മകള്‍ക്ക് വേണ്ടി മുന്‍പും ആമിറും
റീനയും ഒരുമിച്ചെത്തിയിരുന്നു. മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നാണ് റീനയും
ആമിറും പറഞ്ഞത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ഇറ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവര്‍ക്കും
നന്ദി അറിയിച്ചു. അവാര്‍ഡിനൊപ്പമുള്ള സെല്‍ഫിയും ഇറ ഖാന്‍ പങ്കുവച്ചു.

‘എന്നോടൊപ്പം ഈ യാത്രയില്‍ ഒപ്പം ചേര്‍ന്ന അഗസ്തു ഫൗണ്ടേഷന്‍ ടീമിനും നന്ദി എനിക്കെന്തെങ്കിലും
ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ കാരണം നിങ്ങളാണ്’ ഇറ ഖാന്‍ കുറിച്ചു. മാനസികാരോഗ്യത്തിന്റെ
പ്രാധാന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഗസ്തു ഫൗണ്ടേഷന്റെ സിഇഒയും സ്ഥാപകയുമാണ്
ഇറ.
  ആറ് വര്‍ഷം മുമ്പാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉണ്ടെന്ന് കണ്ടെത്തിയത് ഇറാ ഖാന്‍
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ വേര്‍പിരിയല്‍
വിഷാദരോഗത്തിന് ഒരു പരിധിവരെ കാരണമായിരിക്കാം എന്ന് ഇറ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

1986 ലായിരുന്നു ആമിര്‍ ഖാനും റീന ദത്തയുമായുളള വിവാഹം. 16 വര്‍ഷം നീണ്ടു നിന്ന ബന്ധം
2002 ല്‍ ഇരുവരും അവസാനിപ്പിച്ചു. ഈ ബന്ധത്തില്‍ ഇറയെ കൂടാതെ ജുനൈദ് എന്ന മകനുമുണ്ട്.
വിവാദമായ വിവാഹമായിരുന്നു ഇവരുടേത്. ശേഷം ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം 
കഴിച്ചു.
