# ‘ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കല്ലേ…ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്…’ അഭിലാഷ് പിള്ള

- Link: https://ml.b4blaze.com/film-news/abhilash-pillai-fb-post-about-thanmaya
- Published: 2023-07-22T22:13:50+05:30
- Author: Gargi

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ
പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന 
കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍
ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ദേവനന്ദ തന്നെ രംഗത്തെത്തിയിരുന്നു.
‘
പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം
ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ
പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്’ ദേവനന്ദയുടെ
പ്രതികരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം
സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച 
വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ
പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/deva-nandha1.jpeg?
resize=1440%2C1440&ssl=1)

അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക്
ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാര്‍ഡ്
നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്….
എന്നാണ് അഭിലാഷ് കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/abhilash-pi.jpg?
resize=519%2C156&ssl=1)

വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍)
പുരസ്‌കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത
ചിത്രമാണിത്. തന്മയയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ- ‘അരക്ഷിതവും
സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും
നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്’. ടൊവിനോ തോമസ് നായകനാവുന്ന
വഴക്കില്‍ കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി,
ബൈജു നെറ്റോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
