# ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവന്‍!!!

- Link: https://ml.b4blaze.com/film-news/actor-devan-appointed-bjp-kerala-vice-president
- Published: 2023-12-13T17:24:54+05:30
- Author: Anu

നടന്‍ ദേവന്‍ ഇനി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്
ദേവനെ ഉപാധ്യക്ഷനാക്കിയ കാര്യം അറിയിച്ചത്. ‘ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ
നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു,’ എന്ന് കെ സുരേന്ദ്രന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

2004ല്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നൊരു പാര്‍ട്ടി രൂപീകരിച്ചിരുന്നു.
പിന്നീട് ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. 2004ല്‍ ദേവന്‍ വടക്കാഞ്ചേരി
ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ മിത്സരിച്ചിരുന്നു.

കേരളം അവികസിതമായി തുടരുന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. കേന്ദ്രമന്ത്രി
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍
ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ മുന്‍പ് പറഞ്ഞിരുന്നു.  മലയാളത്തിലെ പ്രശസ്ത
നടനും നിര്‍മ്മാതാവുമാണ് ദേവന്‍. 1984ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ 
നിര്‍മ്മാതാവായാണ് സിനിമാലോകത്തേക്ക് എത്തിയത്. 1985ല്‍ പുറത്തിറങ്ങിയ കൈയും തലയും 
പുറത്തിടരുത് എന്ന ചിത്രത്തിലൂടെ നടനായി. ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി,
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി ശ്രദ്ധേയനായി.
മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ശ്രദ്ധേയ താരമാണ്. വില്ലനായും സഹനടനായുമെല്ലാം
സിനിമാലോകത്ത് സജീവമാണ് താരം.
