# ജോൺ സീനയുമായി കൂടിക്കാഴ്ച ; നന്ദിയറിയിച്ച് കാർത്തി ശിവകുമാർ

- Link: https://ml.b4blaze.com/film-news/actor-karthi-meets-john-cena
- Published: 2023-09-09T15:00:58+05:30
- Author: Sreekumar

ഹോളിവുഡ് താരവും ഡബ്യൂഡബ്യൂഇ സൂപ്പര്‍ താരവുമായ ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തിയിരിക്കുകയാണ്
തമിഴ് ചലച്ചിത്ര താരം കാര്‍ത്തി ശിവകുമാർ. കാർത്തിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലാണ് 
കാർത്തി ശിവകുമാർ ജോണ്‍ സീനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചിരിക്കുന്നത്. ഹൈദരാബാദിലെ
ഡബ്യൂഡബ്യൂഇ സ്പെക്ടാക്കിളില്‍ വച്ചായിരുന്നു താരങ്ങളുടെ കൂടികാഴ്ച എന്നാണ് കാർത്തി
ശിവകുമാർ പങ്കു വെച്ചിരിക്കുന്ന പോസ്റ്റ് നല്‍കുന്ന സൂചന. ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍
അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍
തന്നെ ആരുമായും അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. താങ്കളുടെ സിഗ്നേച്ചര്‍
മുദ്രാവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു എന്നുമാണ് കാര്‍ത്തി
ശിവകുമാർ ജോണ്‍ സീനയുമായുള്ള ചിത്രം പങ്കു വെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍
കുറിച്ചിരിക്കുന്നത്. ഡബ്യൂഡബ്യൂഇ ചരിത്രത്തില്‍ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് വിജയിച്ച
വിനോദ കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒരാളായിട്ടാണ്
ജോൺ സീനയെ  അറിയപ്പെടുന്നത്. 16 തവണ ലോക ചാമ്പ്യനായിട്ടുള്ള വ്യക്തിയാണ് ജോൺ സീന. 13
തവണ ഡബ്യൂഡബ്യൂഇ ചാമ്പ്യനും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും. അഞ്ച് തവണ ഡബ്യൂഡബ്യൂഇ
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചാമ്പ്യൻ , രണ്ട് തവണ ഡബ്യൂഡബ്യൂഇ ടാഗ് ടീം ചാമ്പ്യൻ , രണ്ട്
തവണ വേള്‍ഡ് ടാഗ് ടീം ചാമ്പ്യൻ രണ്ട് തവണ റോയല്‍ റംബിള്‍ ജേതാവ്, ഒരു തവണ മണി ഇൻ ബാങ്ക്
ജേതാവ്. ഡബ്യൂഡബ്യൂഇ പ്രധാന പരിപാടിയായ റെസില്‍മാനിയ ഉള്‍പ്പെടെ നിരവധി പ്രധാന ഡബ്ല്യുഡബ്ല്യുഇ
പേ-പെര്‍ വ്യൂ ഇവന്റുകളിലും ജോണ്‍ സീന വിജയിച്ചിട്ടുണ്ട്. കായിക താരം എന്ന നിലയിൽ മാത്രമല്ല
നടൻ എന്ന നിലയിലും ശ്രദ്ധേയനാണ് ജോൺ സീന. ഹോളിവുഡിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ജോണ്‍
സീന. 2006 ല്‍ പുറത്തിറങ്ങിയ ദി മറൈൻ എന്ന ചിത്രത്തില്‍ നായകനായിട്ടാണ്‌ ജോണ്‍ സീന 
അരങ്ങേറിയത്.

 ആദ്യത്തെ ഒരാഴ്ച്ച കൊണ്ടുതന്നെ ഈ ചിത്രം  അമേരിക്കൻ ബോക്സോഫീസിൽ ഏകദേശം 7 മില്യൺ 
ഡോളർ  കളക്ഷൻ നേടുകയും ചെയ്തു. ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസിലെ ജേക്കബ് ടോറെറ്റോ എന്ന 
കഥാപാത്രമായി ജോൺ സീന ശ്രദ്ധേയ പ്രകടനമാണ് കാഴ്ച വെച്ചത്. കൂടാതെ ദി സൂയിസൈഡ് സ്ക്വാഡിലും
പീസ് മേക്കറെയും അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയിലും ഡിസി കഥാപാത്രമായും ശ്രദ്ധേയ വേഷത്തില്‍
ജോണ്‍ സീന എത്തിയിരുന്നു. യൂ കാന്റ് സീ മീ എന്ന ഒരു റാപ്പ് ആൽബവും ജോൺ സീന  പുറത്തിറക്കിയിട്ടുണ്ട്.
യു.എസ് ബിൽബോർഡ് 200 ചാർട്ടിൽ 15-ആം സ്ഥാനത്തെത്തിയിരുന്നു ഈ ആൽബം. 2000-ലാണ് ഒരു പ്രൊഫഷണൽ
റെസലർ ആയിത്തീരുവാനുള്ള പരിശീലനം  ‍ ജോൺ സീന തുടങ്ങിയത്. ബോഡി ബിൽഡിങ്ങിനായി  തന്റെ
കരിയർ നീക്കി വെച്ച ജോൺ സീന ലിമോസിൻ എന്ന കമ്പനിയിൽ കാർ ഡ്രൈവറായും ജോലി നോക്കിയിട്ടുണ്ട്.
മേക്ക്-എ-വിഷ് ഫൗണ്ടേഷൻ എന്ന പേരിലുള്ള ചാരിറ്റി സംഘടനയിലൂടെ കാരുണ്യ പ്രവര്‍ത്തനങ്ങളിലും
സജീവമാണ് ജോണ്‍ സീന. അതേസമയം തന്നെ പൊന്നിയിൻ സെല്‍വൻ 2 എന്ന മണിരത്നം ചിത്രമാണ് അവസാനമായി
കാര്‍ത്തി ശിവകുമാറിന്റെതായി റിലീസായത്. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ എന്ന
ചിത്രമാണ് കാര്‍ത്തിയുടേതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അതിന്
ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2 അടക്കം അണിയറയില്‍ കാര്‍ത്തിക്കായി 
ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.
