# ‘അത് തെളിയിച്ചാല്‍ ഞാന്‍ പകുതി മീശ വടിക്കും’; അമ്മ അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

- Link: https://ml.b4blaze.com/film-news/actor-shammi-thilakan-against-amma-members
- Published: 2022-06-28T12:34:22+05:30
- Author: Rahul

അമ്മ അംഗങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഷമ്മി തിലകന്‍. കെ. ബി ഗണേഷ് കുമാര്‍,
മുകേഷ് എന്നവരടക്കമുള്ള അമ്മ അംഗങ്ങളെയാണ് ഷമ്മി തിലകന്‍ രൂക്ഷമായി വിമര്‍ശിച്ചത്. 
അമ്മ സംഘടന നികുതി വെട്ടിപ്പ് നടത്തിയെന്നും ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും
അദ്ദേഹം ആരോപിച്ചു. സ്റ്റേജ് ഷോക്ക് ടിവി സംപ്രേക്ഷണ അവകാശം എട്ട് കോടിക്ക് നല്‍കിയിട്ട്
കണക്കില്‍ രണ്ട് കോടി ആണ് കാണിച്ചതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 
അമ്മയുടെ രാജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും പരാതിയുണ്ടെന്നും തല്‍ക്കാലം അത് പുറത്ത്
വിടുന്നില്ലെന്നും ഷമ്മി പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമെന്ന് ഗണേശ് കുമാര്‍
നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് അത് പറഞ്ഞതെന്നും ഷമ്മി
തിലകന്‍ ചോദിച്ചു.‘അമ്മയുടെ മീറ്റിങ്ങിന്റെ വീഡിയോയും ഫോട്ടോയും ഞാനെടുത്തുവെന്നത് 
സത്യമാണ്. പക്ഷേ അത് എവിടെയും പുറത്ത് വിട്ടിട്ടില്ല. ഞാന്‍ ഷൂട്ട് ചെയ്‌തെന്ന് പറയുന്ന
ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടില്ല. അത് ഞാന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി
മീശ വടിക്കാന്‍ തയ്യാറാണ്’ -ഷമ്മി തിലകന്‍ പറഞ്ഞു. വിനയന്റെ സിനിമയില്‍ നിന്നും താന്‍
പിന്മാറാന്‍ കാരണം മുകേഷാണെന്നും മുകേഷ് തമാശ രൂപേണ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും
അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ നിയമാവലി അനുസരിച്ച് മറ്റ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നയാള്‍ അമ്മയുടെ
നേതൃസ്ഥാനത്ത് വരാന്‍ പാടില്ല. എന്നാല്‍ ഗണേഷ് അത് പാലിച്ചിട്ടില്ലെന്നും ആത്മയുടെ 
ഭാരവാഹിയായ ഗണേഷ് അമ്മയുടെ നേതാവായി നിന്നുവെന്നും ഷമ്മി തിലകന്‍ കുറ്റപ്പെടുത്തി. 
അമ്മയിലെ അംഗങ്ങള്‍ക്ക് കൈനീട്ടം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ്. അത്
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്. പെരുമാറ്റചട്ടത്തിന്റെ ലംഘനമാണത്. വിശദീകരണം തൃപ്തികരമല്ലാത്തതെന്തെന്ന്
ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്നും കുറ്റാരോപിതനെ തന്നെ അവര്‍ പ്രിസൈഡിംഗ് ഓഫീസറാക്കിയെന്നും
അയാള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഷമ്മി തിലകന്‍ വിശദീകരിച്ചു.
അച്ഛനോട് പണ്ട് ‘അമ്മ’ അംഗങ്ങള്‍ കാണിച്ചത് ഇപ്പോള്‍ തന്നോടും കാണിക്കുകയാണന്നും ഷമ്മി
തിലകന്‍ കുറ്റപ്പെടുത്തി.

 
