# വിവാഹിതയായി…സന്തോഷവാര്‍ത്ത പങ്കിട്ട് ലെന!! വരന്‍ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍

- Link: https://ml.b4blaze.com/film-news/actress-lena-got-married
- Published: 2024-02-27T20:25:39+05:30
- Author: Anu

സര്‍പ്രൈസായി തന്റെ വിവാഹവാര്‍ത്ത പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം ലെന. ഇന്ന് 
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ്
ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് വരനെന്നും ലെന വ്യക്തമാക്കി.
ഏറെ അഭിമാനം നിറയുന്ന നിമിഷത്തിലാണ് താരം വിവാഹിതയായ സന്തോഷം പങ്കുവച്ചത്.

2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായി.
പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച ശേഷം വാര്‍ത്ത പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും
ലെന പറഞ്ഞു. മോദിയുടെ പ്രഖ്യാപനം രാജ്യത്തിനും കേരളത്തിനും എന്നപോലെ വ്യക്തിപരമായി 
തനിക്കും അഭിമാനത്തിന്റെ നിമിഷമാണെന്നും ലെന പറയുന്നു.
  ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക
സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനാണ് പ്രശാന്ത് ബാലകൃഷ്ണന്‍. ഗഗന്‍യാന്‍ യാത്ര
സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് തുമ്പയിലെ വിക്രംസാരാഭായ്
സ്പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന്
പിന്നാലെയാണ് നടി സോഷ്യല്‍ മീഡിയയില്‍ വിവാഹവാര്‍ത്ത പങ്കിട്ടത്.

‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്സ്
ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ
ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ
കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി
ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ
ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍
ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.’ സോഷ്യലിടത്ത് ലെന കുറിച്ചു.
  പാലക്കാട്
നെന്മാറ സ്വദേശിയാണ് പ്രശാന്ത്. സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍
ഗ്രൂപ്പ് ക്യാപ്റ്റനാണ്. കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠന ശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. യുഎസ് 
എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍
ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്.

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിലേക്ക് എത്തിയത്.
മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു.
2004ല്‍ മലയാള സിനിമയിലെ സ്‌ക്രീന്‍ റൈറ്റര്‍ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു.
പിന്നീട് ഇരുവരും ബന്ധം പിരിഞ്ഞിരുന്നു.
