# ‘ലൈസന്‍സ് കിട്ടിയതില്‍ പിന്നെ എനിക്ക് പ്രേമം വരുന്നില്ല, എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു’ സുബി സുരേഷ്

- Link: https://ml.b4blaze.com/film-news/actress-subi-suresh-about-her-marriage-and-love
- Published: 2022-05-24T16:12:06+05:30
- Author: Gargi

മിനിസ്‌ക്രീനില്‍ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ
മനം കവര്‍ന്ന താരമാണ് സുബി സുരേഷ്. സൂര്യ ടിവിയില്‍ ഏറെ ശ്രദ്ധ നേടിയ കുട്ടിപ്പട്ടാളത്തിലൂടെയാണ്
സുബി ഏവരേയും കൈയ്യിലെടുത്തത്. ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായ സുബി രാജസേനന്‍ സംവിധാനം
ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ സജീവമായത്. എല്‍സമ്മ എന്ന
ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട് താരം.
ഇപ്പോഴിതാ അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. മഴവില്‍
മനോരമയില്‍ ജഗദീഷ് അവതാരകനായി എത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയിലാണ് നടി മനസു
തുറന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/subi4.jpg?resize
=636%2C797&ssl=1)

”ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാല്‍
സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്‍പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു.
വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍
പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു. ആദ്യം ഞാന്‍ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ
വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാന്‍ പ്രണയിക്കുന്ന ആള്‍
ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാന്‍
വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം’ എന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍, എന്നെ വളരെ കഷ്ടപ്പെട്ടു
വളര്‍ത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തില്‍ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട്
എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാന്‍ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാന്‍
തുടങ്ങിയെന്നും സുബി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/subi-suresh.jpg.
image_.jpg?resize=784%2C410&ssl=1)

അതേസമയം അതൊരു ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരന്‍ പ്രൊപ്പോസ് ചെയ്തു,
എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കില്‍
എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കില്‍
ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നില്‍ക്കാന്‍ കഴിയില്ല.
ആ ഒരു കാരണം കൊണ്ട് ഞങ്ങള്‍ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാന്‍ വീട്ടില്‍ ലൈസന്‍സൊന്നും
തന്നിട്ടില്ലായിരുന്നുവെന്നും നടി ജഗദീഷിനോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/subi-suresh-1.jpg?
resize=1296%2C864&ssl=1)

ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നുണ്ട്, ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട
ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്‌നമല്ല’ എന്ന്. പക്ഷേ ലൈസന്‍സ് കിട്ടിയതില്‍
പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു.
പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല. ഒന്നു രണ്ടു പ്രൊപ്പോസല്‍
വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ
വിവാഹം കഴിക്കണം എന്നുണ്ടെന്നും നടി വെളിപ്പെടുത്തി.
