# അടൂർ–മമ്മൂട്ടി ചിത്രം ‘പദയാത്ര’; ഗ്രേസ് ആന്റണി നായികയാകുന്നു

- Link: https://ml.b4blaze.com/film-news/adoor-mammootty-film-padayatra-grace-antony-to-be-the-heroine
- Published: 2026-01-23T18:14:48+05:30
- Author: Soorya S

മലയാള സിനിമയുടെ വിസ്മയ കൂട്ടുകെട്ടായ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും മൂന്ന് പതിറ്റാണ്ടിന്
ശേഷം ഒന്നിക്കുന്ന ‘പദയാത്ര’യിൽ ഗ്രേസ് ആന്റണി നായികയാകുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന
എട്ടാമത്തെ ചിത്രമാണിത്. നേരത്തെ നയൻതാരയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും
ഡേറ്റ് സംബന്ധമായ പ്രശ്നങ്ങൾ കാരണം ഗ്രേസ് ആന്റണിയെ നിശ്ചയിക്കുകയായിരുന്നു. കൊച്ചി
അമ്പലമേടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ ‘രണ്ടിടങ്ങഴി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ്
സൂചനകൾ. 1950-കളിലെ കുട്ടനാടൻ കർഷകരുടെ ജീവിതം പ്രമേയമാക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസും
ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ്
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ
ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

1994-ൽ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന ചിത്രം എന്ന
നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ ലോകം ഈ പ്രോജക്റ്റിന് നൽകുന്നത്. ‘മതിലുകൾ’, ‘വിധേയൻ’
തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഈ കൂട്ടുകെട്ടിന്റെ
മടങ്ങിവരവ് മലയാള സിനിമയിലെ ഒരു ചരിത്ര മുഹൂർത്തമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
