# ‘എന്നെയും റിയയെയും തിരിച്ചറിഞ്ഞു, അവന്റെ തിരിച്ചുവരവ് വിദൂരമല്ല’; നകുൽ തമ്പിയെ കാണാനെത്തി അഹാന കൃഷ്ണ

- Link: https://ml.b4blaze.com/film-news/ahaana-krishna-post-about-nakul-thampi
- Published: 2024-02-09T21:56:49+05:30
- Author: Anu

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ 
തമ്പിയെ കാണാനെത്തി അഹാന കൃഷ്ണ. നാല് വർഷം മുൻപാണ് വാഹനാപകടത്തിൽ നകുലിന് പരിക്കേൽക്കുന്നത്.
2020 ജനുവരിയിൽ കൊടൈക്കനാലിനു സമീപത്ത് വച്ചായിരുന്നു അപകടം. നകുലിനെ സന്ദർശിച്ചതിനെ
കുറിച്ചും നകുലിന്റെ നിലവിലെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുമെല്ലാം വ്യക്തമാക്കി അഹാന ഇൻസ്റ്റ​
ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ലെന്നാണ് അഹാന കുറിക്കുന്നത്.

‘നാല് വർഷം മുമ്പ് നേരിട്ട ദൗർഭാഗ്യകരമായ റോഡപകടത്തെ തുടർന്ന് ചികിത്സയിലുള്ള നകുൽ 
തമ്പിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലരും അന്വേഷിച്ചിരുന്നു. ഇപ്രാവശ്യം ബംഗളൂരുവിൽ
പോയപ്പോൾ നകുലിനെ വീട്ടിൽ പോയി കണ്ടു. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ട്.
ഓർമകൾ തിരികെയെത്തുന്നത് ചെറിയ രീതിയിൽ പ്രകടമാകുന്നുണ്ട്. എന്നെയും റിയയെയും തിരിച്ചറിഞ്ഞു.
കൈകളും കാലുകളും ഉപയോഗിച്ച് ചലനത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങളും
നകുൽ നടത്തുന്നുണ്ട്.’ – അഹാന കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ahaana.jpg?resize
=640%2C564&ssl=1)

അപകടം സംഭവിച്ചപ്പോൾ വെറും 20 വയസ് മാത്രമായിരുന്നു നകുലിന്റെ പ്രായം. 2019ൽ പുറത്തിറങ്ങിയ
മമ്മൂട്ടി അഭിനയിച്ച ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് നകുൽ തമ്പി ശ്രദ്ധേയനാകുന്നത്.
അഹാനയും നകുലും ഈ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2020ൽ സുഹൃത്തുക്കളുമായി 
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിൽ കൊടൈക്കനാലിൽ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങവെയാണ്
അപകടമുണ്ടായത്. ഒരു കാറിൽ നകുലും സുഹൃത്തും മറ്റൊരു കാറിൽ മൂന്നു പേരുമാണ് യാത്ര ചെയ്തിരുന്നത്.
നകുൽ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
