# കൃഷ്ണ…കൃഷ്ണ രാധ കാമുകാ…!! അജു വര്‍ഗീസ് ഇനി പിന്നണി ഗായകന്‍

- Link: https://ml.b4blaze.com/film-news/aju-varghese-sings-for-guruvayoor-ambalanadayil-movie
- Published: 2024-05-03T20:06:34+05:30
- Author: Anu

പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം
ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ്
ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ
സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ രസകരമായ ടീസറെല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലൂടെ മറ്റൊരു പിന്നണി ഗായകന്‍ കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്.
മലയാളത്തിന്റെ പ്രിയ താരം അജു വര്‍ഗീസാണ് ചിത്രത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിയ്ക്കുന്നത്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു മലയാള സിനിമയിലേക്ക്
എത്തിയത്. കൃഷ്ണ..കൃഷ്ണ രാധാകൃഷ്ണ എന്നു തുടങ്ങുന്ന പാട്ടാണ് അജു ആലപിക്കുന്നത്. മെയ്
അഞ്ചിന് ഗാനം റിലീസ് ചെയ്യും.

 ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് 
കെ.യു. തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങളാവുന്നത്. തമിഴില്‍ നിന്നും യോഗി ബാബു ചിത്രത്തില്‍
ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.  ഛായാഗ്രഹണം നീരജ് രവി നിര്‍വഹിക്കുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം,എഡിറ്റര്‍ ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ റിനി ദിവാകര്‍, ആര്‍ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍
അശ്വതി ജയകുമാര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍
എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
