# ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ത്രിവിക്രമും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഒരുങ്ങുന്നു

- Link: https://ml.b4blaze.com/film-news/allu-arjun-latest-movie-update
- Published: 2023-07-04T20:12:08+05:30
- Author: Shilpa

സംവിധായകന്‍ ത്രിവിക്രമും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഒന്നിച്ച ജൂലായി, സണ്‍
ഓഫ് സത്യമൂര്‍ത്തി, അലാ വൈകുണ്ഡപുരംലോ എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്.
ഈ ജോഡിയുടെ ഓരോ ചിത്രവും മുന്‍ ചിത്രങ്ങളെക്കാള്‍ വലിയ ഹിറ്റായ ചരിത്രമാണുള്ളത്. അലാ
വൈകുണ്ഡപുരംലോ അന്തര്‍ദേശീയതലത്തില്‍പ്പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുരുപൂര്‍ണ്ണിമയുടെ
അവസരത്തില്‍ ഈ ഹിറ്റ്‌ ജോഡി തങ്ങളുടെ നാലാമത് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ
തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പംതന്നെ ലോകസിനിമാപ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ്
ഈ സൂപ്പര്‍ഹിറ്റ് ജോഡി വാക്കുതരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-04-200647-300x227.png?resize=722%2C546&ssl=1)

അലാ വൈകുണ്ഡപുരംലോയിലെ സാമജവരഗമനാ, ബുട്ട ബൊമ്മാ, രാമുലോ രാമുലാ തുടങ്ങിയ ഗാനങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ സൂപ്പര്‍ഹിറ്റ്‌
ജോഡി ഇന്ത്യന്‍ സിനിമ മുന്‍പു കണ്ടിട്ടില്ലാത്ത വിധമുള്ള ദൃശ്യവിസ്മയമാണ് ഒരുക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ ചിത്രം എന്നാണു 
പ്രതീക്ഷ. ത്രിവിക്രമിന്റെ ആഖ്യാനശൈലി ഈ ജോഡിയുടെതായി പുറത്തുവന്ന ഓരോ ചിത്രത്തിനും
ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ‘രവീന്ദ്ര നാരായണ്‍’, ‘വിരാജ് ആനന്ദ്’, ‘ബണ്ടു’
തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അര്‍ജുന്‍ അവിസ്മരണീയമാക്കിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള
പ്രേക്ഷകഹൃദയങ്ങളില്‍ എന്നെന്നും സ്ഥാനം നേടിയ വേഷങ്ങളാണ് ഇവയെല്ലാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/allu-arjun-1-300x150.
jpg?resize=796%2C398&ssl=1)

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷന്‍സ് ഒരിക്കല്‍ക്കൂടി
ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. അവര്‍ നിര്‍മ്മിക്കുന്ന എട്ടാമത് ചിത്രമാണിത്. അല്ലു
അര്‍ജുന്‍ – ത്രിവിക്രം ജോഡിയില്‍ പുറത്തുവന്ന മൂന്നു ചിത്രങ്ങളും ഗംഭീര സ്കെയിലില്‍
നിര്‍മ്മിച്ചത് ഇവരായിരുന്നു. ഇപ്പോള്‍ അന്തര്‍ദേശീയ പ്രേക്ഷകരെത്തന്നെ തൃപ്തിപ്പെടുത്തും
വിധമുള്ള ഒരു ചിത്രമൊരുക്കാനാണ് അവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹാരിക & ഹാസിനി 
ക്രിയേഷന്‍സിനൊപ്പം പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ഗീത ആര്‍ട്ട്‌സും അലാ വൈകുണ്ഡപുരംലോയിലെ
പോലെ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റഭിനേതാക്കളെയും
അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവുന്നതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-04-201147-300x238.png?resize=792%2C628&ssl=1)
