# ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉടന്‍ എത്തുന്നു

- Link: https://ml.b4blaze.com/film-news/amazon-prime-videos-acquired-ott-rights-of-meppadiya
- Published: 2022-02-12T20:27:51+05:30
- Author: Gargi

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍
പ്രൈം വീഡിയോയാണ് നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി അവകാശം
നേടിയിരിക്കുന്നത്. സ്ട്രീമിംഗ് തീയതി വൈകാതെ പ്രഖ്യാപിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unni-meppadiyan.
jpg?resize=960%2C540&ssl=1)

തീയേറ്ററുകളില്‍ ജനുവരി 14 ന് 172 സ്‌ക്രീനുകളിലാണ് മേപ്പടിയാന്‍ പ്രദര്‍ശനത്തിന് എത്തിയത്.
കോവിഡ് രോഗബാധ അതിരൂക്ഷമായിരുന്ന സമയത്താണ് റിലീസ് ചെയ്തതെങ്കിലും ചിത്രം തീയേറ്ററില്‍
മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. മേപ്പടിയാന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
ലഭിച്ചിരുന്നു. ചിത്രത്തില്‍ കുടുംബനായകനായി ആണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ഉണ്ണി 
മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിനു വേണ്ട ശാരീരികമായ
മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളില്‍ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു.

 അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്,
കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍
തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
