# ‘എന്റെ മക്കളെപ്പോലും ഞാന്‍ മറന്നു, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’; സങ്കടം പറഞ്ഞ് ആമിര്‍ ഖാന്‍

- Link: https://ml.b4blaze.com/film-news/amir-khan-about-his-kids
- Published: 2022-08-04T14:09:48+05:30
- Author: Rahul

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. എപ്പോഴും വ്യത്യസ്തമായ സിനിമകള്‍ കൊണ്ട്
ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം. അതിനാല്‍ തന്നെ ആമിര്‍ ഖാന്റെ ഓരോ സിനിമയും ഏറെ 
പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിനിമകളെ വെല്ലുന്നതാണ് ആമിര്‍ ഖാന്റെ സ്വകാര്യ ജീവിതം. താരത്തിന്റെ പ്രണയവും വിവാഹവും
വിവാഹ മോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ച്
താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കോഫി വിത്ത് കരണ്‍ ഷോയുടെ സീസണ്‍ 7ല്‍ അതിഥിയായി
എത്തിയപ്പോഴായിരുന്നു ആമിര്‍ തന്റെ മക്കളെക്കുറിച്ച് സംസാരിച്ചത്. മക്കളെ വേണ്ടത്ര 
ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ മാതാപിതാക്കളും മക്കളും കുടുംബാംഗങ്ങളുമായുള്ള
ബന്ധം നിലനിര്‍ത്താന്‍ താന്‍ ശ്രമിക്കാറുണ്ടെന്നുമാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

‘ഒരു വര്‍ഷം മുമ്പ് ഞാന്‍ ഒരുപാട് ചിന്തകളിലൂടെ കടന്നു പോയി. എന്റെ ജോലി പോലെ ബന്ധങ്ങളെ
പരിപാലിച്ചില്ലെന്ന് തോന്നി. അവരുടെ കുട്ടിക്കാലം മുതല്‍ക്കെ ജുനൈദിനും ഇറയ്ക്കുമൊപ്പം
വേണ്ടത്ര സമയം ചെലവിട്ടിട്ടില്ലെന്ന് തോന്നി. ഇപ്പോള്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി 
ഞാന്‍ മാറി. കുടുംബവും കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെടുന്നുണ്ട്. കിരണിന്റെ മാതാപിതാക്കളുമായും
റീനയുടെ മാതാപിതാക്കളുമായും എന്റെ അമ്മയുമായും സഹോദരിയുമായും സഹോദരനുമായൊക്കെ അടുപ്പം
കൂടി. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടേണ്ടതുണ്ടായിരുന്നു. പക്ഷെ ജോലിയ്ക്ക് പിന്നാലെ
പോവുകയായിരുന്നു’ എന്നാണ് താരം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷമാണ് 17 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ആമിര്‍ ഖാനും കിരണ്‍
റാവുവും പിരിയുന്നത്. നേരത്തെ ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു.
ഈ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആമിര്‍ കിരണുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും
തന്റെ മുന്‍ഭാര്യമാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എല്ലാ
ആഴ്ചയിലും ഒരു ദിവസം നിര്‍ബന്ധമായി കിരണിനെ കാണുമെന്നും ആമിര്‍ പറയുന്നു. വിവാഹ മോചനത്തിന്
ശേഷവും ആമിറും കിരണും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ബിസിനസ് പങ്കാളിത്തം തുടരുമെന്നാണ്
ഇരുവരും നേരത്തെ അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/kiran-rao.jpg?resize
=1280%2C720&ssl=1)

ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഹോളിവുഡ് ചിത്രം ഫോറസ്റ്റ്
ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ നടന്നു വരുന്ന ബോയ്ക്കോട്ട് 
ലാല്‍ സിംഗ് ഛദ്ദ ക്യാമ്പയിനോടും കഴിഞ്ഞ ദിവസം ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു. ‘ബോയ്ക്കോട്ട്
ബോളിവുഡ്, ബോയ്ക്കോട്ട് ആമിര്‍ ഖാന്‍, ബോയ്ക്കോട്ട് ലാല്‍ സിംഗ് ഛദ്ദ ഒക്കെ കേള്‍ക്കുമ്പോള്‍
സങ്കടം തോന്നുന്നു. ഇത് പറയുന്നവര്‍ വിശ്വസിക്കുന്നത് ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നില്ലെന്നാണ്.
പക്ഷെ അത് സത്യമല്ല. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ കരുതുന്നത്
നിര്‍ഭാഗ്യമാണ്. എന്റെ സിനിമകള്‍ ബോയ്ക്കോട്ട് ചെയ്യരുത്. ദയവ് ചെയ്ത് എന്റെ സിനിമകള്‍
കാണണം’ എന്നാണ് താരം പറഞ്ഞത്. കരീന കപൂറാണ് ലാല്‍ സിംഗ് ഛദ്ദയിലെ നായിക.

 
