# ഇനി എല്ലാ ക്രിസ്തുമസിനും തീരാനഷ്ടം!! ഇത്തവണ ആഘോഷങ്ങളില്ല- അന്ന ബെന്‍

- Link: https://ml.b4blaze.com/film-news/anna-ben-about-christmas-celebration
- Published: 2022-12-25T15:05:00+05:30
- Author: Anu

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി മലയാൡകളുടെ മനസ്സിലിടം നേടിയ നായികയാണ് അന്ന ബെന്‍.
പിന്നീട് ഹെലനിലൂടെയും കപ്പേളയിലൂടെയും അന്ന വിസ്മയിപ്പിച്ചു. ബേബി മോളില്‍ തുടങ്ങിയ
യാത്ര ഇന്ന് കാപ്പയിലെ ബിനുവില്‍ എത്തിനില്‍ക്കുകയാണ് അന്ന. അഞ്ചു സെന്റും സെലീനയുടെയും
സെറ്റിലാണ് താരത്തിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.

എത്രത്തിരക്കാണെങ്കിലും ക്രിസ്തുമസിന് വീട്ടിലെത്തിയാണ് താരം ആഘോഷിക്കാറുള്ളത്. ബന്ധുക്കളും
സുഹൃത്തുക്കളുമെല്ലാംകൂടി ആഘോഷമാക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ ക്രിസ്മസിന് സന്തോഷമില്ലെന്നും
താരം പറയുന്നു. കുടുംബം മുഴുവന്‍ ദു:ഖത്തിലാണ്. ഇത്തവണ ക്രിസ്മസിന് അമ്മമ്മയില്ല. അതുകൊണ്ട്
ആഘോഷമില്ലെന്നും അന്ന പറഞ്ഞു.
  ഈവര്‍ഷമാണ് അമ്മമ്മ ഞങ്ങളെ വിട്ടുപോയത്. എല്ലാ ക്രിസ്മസ്
ഓര്‍മകളിലും അമ്മമ്മയുണ്ട്. അമ്മച്ചിയെ നടുവിലിരുത്തിയായിരുന്നു ഞങ്ങളുടെ ആഘോഷം എല്ലാം.
അപ്പോഴേ ക്രിസ്മസ് പൂര്‍ണമാകുമായിരുന്നുള്ളൂ. ഇനിയുള്ള ക്രിസ്മസ് ദിനങ്ങളില്‍ അമ്മമ്മ
ഒരു തീരാത്ത നഷ്ടമായി തുടരുമെന്നും അന്ന പറയുന്നു.  വൈപ്പിനിലെയും ക്രിസ്മസ് ആഘോഷം 
എപ്പോഴും സ്‌പെഷ്യലാണ്. ന്യൂ ഇയര്‍ കാര്‍ണിവല്‍ ഉള്ളതുകൊണ്ട് വൈപ്പിനിലെ ആഘോഷം കൂടുതല്‍
സുന്ദരമാവും. രാത്രി കരോളും പാതിരാക്കുര്‍ബാനയുമെല്ലാം പകരുന്ന ആഘോഷ വൈബ് വേറെ തന്നെയാണെന്നും
ഓര്‍മ്മകള്‍ പങ്കുവച്ച് അന്ന പറഞ്ഞു.

എല്ലാ ക്രിസ്മസും വീട്ടില്‍തന്നെയാണ് ആഘോഷിക്കാറ്. ഷൂട്ടിങ് സെറ്റിലാണെങ്കിലും ക്രിസ്മസിന്
വീട്ടിലെത്തും. ഉച്ചയ്ക്ക് വീട്ടിലാണെങ്കില്‍ വൈകീട്ട് അമ്മയുടെ വീട്ടില്‍ പോകും. തറവാട്
വീടായതിനാല്‍ കസിന്‍സും കുടുംബക്കാരുമെല്ലാം കൂടി അടിപൊളി ആഘോഷമായിരിക്കുമെന്നും താരം
പറയുന്നു.
