# ആ ഇരുണ്ട കാലം താണ്ടാന്‍ എനിക്കായി-അപ്പാനി ശരത്ത്

- Link: https://ml.b4blaze.com/film-news/appani-sarath-facebook-post
- Published: 2023-09-09T18:01:00+05:30
- Author: Anu

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ താരമാണ് നടന്‍ അപ്പാനി ശരത്ത്. തുടക്കകാലത്ത് 
സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്
വൈറലായിരുന്നു. അതിന് പിന്നാലെ താരത്തിനോടുള്ള സ്‌നേഹം ആരാധകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ
തനിക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം.

ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. എന്നു പറഞ്ഞുള്ള ഫെയ്‌സ്ബുക്ക്
കുറിപ്പിലൂടെയാണ് ശരത് പറയുന്നത്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ
നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയിരുന്ന 
ചില ദിവസങ്ങള്‍.
  ആ കാലത്ത് ഞാന്‍ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല.
അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി 3 മാസങ്ങള്‍ക്ക് മുന്‍പ് ഒരു
ഇന്റര്‍വ്യൂവില്‍ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളില്‍ പലര്‍ക്കും വിഷമമായി
എന്നറിഞ്ഞു.

കോവിഡിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷങ്ങളില്‍ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍
സാധിക്കുകയും, നിങ്ങള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും 
എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ
ഏറിയതാണ്. ഇപ്പോള്‍ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും
കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു, എന്നാണ് ശരത് പങ്കുവച്ചത്.
  അടുത്തിടെ ഒരു അഭിമുഖത്തിലാണ്
അപ്പാനി ശരത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. സിനിമയില്‍ നിന്ന് തന്നെ
മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അങ്കമാലിയൊക്കെ കഴിഞ്ഞ ശേഷം നല്ല
സിനിമയേത് മോശം സിനിമയേത് എന്ന് തിരിച്ചറിയാനായിരുന്നില്ലെന്ന് ശരത് പറഞ്ഞിരുന്നു.

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിക്കുമ്പോള്‍ പോകും, അഭിനയിക്കും. അവിടെയൊക്കെ
ചില പണികള്‍ എനിക്ക് കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. 
സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ്
ഇതൊക്കെ. ഞാന്‍ കാരണം ഒരു ഷൂട്ടിനോ മറ്റോ പ്രശ്നം ഉണ്ടായിട്ടില്ലെന്നും ശരത്ത് പറഞ്ഞിരുന്നു.

മാത്രമല്ല കാരവനില്‍ കയറാന്‍ പോലും അനുവദിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.
 ബാത്ത്‌റൂമില്‍
പോയി വസ്ത്രം മാറേണ്ടിവന്നിട്ടുണ്ട്. കരഞ്ഞുകൊണ്ടാണ് താന്‍ വേഷം മാറിയതെന്നൊക്കെ താരം
പങ്കുവച്ചിരുന്നു.
