# “യഥാ രാജാ തഥാ പ്രജ”: ‘വിലായത്ത് ബുദ്ധ’ വിവാദത്തിൽ മല്ലിക സുകുമാരൻ പ്രതികരിക്കുന്നു!

- Link: https://ml.b4blaze.com/film-news/as-the-king-is-so-is-the-people-mallika-sukumaran-responds-to-the-vilayat-buddha-controversy
- Published: 2025-11-26T17:41:45+05:30
- Author: Soorya S

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബർ
ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, മുതിർന്ന നടിയും പൃഥ്വിരാജിൻ്റെ അമ്മയുമായ
മല്ലിക സുകുമാരൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. സിനിമ മികച്ച പ്രതികരണവുമായി മുന്നോട്ട്
പോകുമ്പോളാണ് ചിത്രത്തിനെതിരെയും അണിയറപ്രവർത്തകർക്കെതിരെയും സോഷ്യൽ മീഡിയയിൽ വിദ്വേഷ
പ്രചാരണങ്ങൾ വർധിച്ചത്.

“യഥാ രാജാ തഥാ പ്രജ” എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ടാണ് മല്ലിക സുകുമാരൻ തൻ്റെ അഭിപ്രായം
കുറിച്ചത്. പേര് വെളിപ്പെടുത്താതെയും പ്രൊഫൈൽ ലോക്ക് ചെയ്തും **’മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന
വീരശൂര പരാക്രമികൾ’**ക്കെതിരെയാണ് തൻ്റെ വിമർശനമെന്ന് അവർ വ്യക്തമാക്കി.

‘വിലായത്ത് ബുദ്ധ’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷമ്മി തിലകൻ സിനിമയിലെ
നായകനെ അനുകൂലിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മല്ലിക സുകുമാരൻ 
പ്രതികരണമറിയിച്ചത്. ഷമ്മിയെയും, ചിത്രത്തെ അനുകൂലിച്ച വ്യക്തിത്വങ്ങളെയും ബഹുമാനിക്കുന്നു
എന്നും അവർ കൂട്ടിച്ചേർത്തു.

ഷമ്മി തിലകൻ നേരത്തെ, സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ചിത്രത്തിൽ പ്രവർത്തിച്ച
എല്ലാവരോടുമുള്ള ക്രൂരതയാണെന്ന് തുറന്നടിച്ചിരുന്നു. ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്ത നോവലിനെ
ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’യെ ലക്ഷ്യമിട്ട് മതപരവും
രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞ ദിവസം നിർമ്മാതാവ്
സന്ദീപ് സേനൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ നിർമ്മിച്ച
ചിത്രത്തിൽ ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
