# ‘ഹായ് ഓൾ… കാതൽ വെറും ഉറക്ക ​ഗുളിക, ഇങ്ങനെയല്ല പ്രതീക്ഷിച്ചത്’; വൈറലായി അശ്വന്ത് കോക്കിന്റെ റിവ്യൂ

- Link: https://ml.b4blaze.com/film-news/aswanth-kok-about-kaathal-movie
- Published: 2023-11-24T19:58:20+05:30
- Author: Gargi

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ഇന്നലെയാണ് റിലീസ് ചെയ്തത്. 
മികച്ച അഭിപ്രായങ്ങളാണ് ആദ്യ ഷോകൾ മുതൽ ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ നടക്കുന്ന
ഗോവ ചലച്ചിത്രോത്സവത്തിലും കാതലിൻറെ പ്രദർശനം ഇന്നലെയായിരുന്നു. മികച്ച അഭിപ്രായം തന്നെയാണ്
സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. എന്നാൽ, സിനിമ റിവ്യൂകളിലൂടെ വിവാദ
നായകനായ അശ്വന്ത് കോക്ക് എന്ന് ഇൻഫ്ലുവൻസറുടെ കാതൽ റിവ്യൂ വലിയ ചർച്ചയായി മാറുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaathal.jpg?resize
=1200%2C628&ssl=1)

സോഷ്യൽ മീഡിയയിൽ വലിയ അഭിപ്രായം നേടിക്കഴിഞ്ഞ ചിത്രത്തെ ഉറക്ക ​ഗുളിക എന്നാണ് അശ്വന്ത്
വിശേഷിപ്പിച്ചത്. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെടുത്ത ജിയോ ബേബിയിൽ നിന്ന് 
ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും അശ്വന്ത് റിവ്യൂവിൽ പറഞ്ഞു. അശ്വന്തിന്റെ റിവ്യൂവിനെ
എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് കമന്റുകൾ ഇടുന്നത്.

സ്വവർ​ഗാനുരാ​ഗിയായ കേന്ദ്ര കഥാപാത്രത്തിൻറെ ആത്മസംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ്
കാതൽ. ജ്യോതികയാണ് നായിക. സഹകരണ ബാങ്കിൽ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ്
മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച
മമ്മൂട്ടി കമ്പനിയാണ് കാതലിൻറെയും നിർമ്മാണം.
