# ‘മ്യാവേലി’ ഷെയിന്‍ നിഗത്തിന്റെ ‘ബെര്‍മുഡയിലെ’ ഓണപ്പാട്ടെത്തി

- Link: https://ml.b4blaze.com/film-news/bermuda-new-onam-song-released
- Published: 2022-09-07T21:38:33+05:30
- Author: Gargi

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന ബെര്‍മുഡയിലെ ഓണപ്പാട്ട് പുറത്തുവിട്ടു. 
മ്യാവേലി എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രമേഷ് നാരായണന്‍
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് കൃഷ്ണദാസ്
പങ്കിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജാസോ ഗിഫ്റ്റാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/bermudaa.jpg?resize
=1200%2C900&ssl=1)

ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേക്ഷകര്‍ക്കുള്ള
ഓണസമ്മാനമായി ആണ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 19 ന് തീയേറ്ററുകളില്‍
റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രമാണ് ബെര്‍മുഡ. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍
മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും
പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചിത്രം ഉടനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോമഡി എന്റെര്‍റ്റൈനെര്‍
വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ബര്‍മുഡ.

ചിത്രത്തില്‍ കുഞ്ഞുണ്ണി മാഷുമുണ്ടെന്ന് പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ കുറിപ്പ് സാമൂഹിക
മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞുണ്ണി മാഷിന്റെ ‘ഒരു ചെറിയ മരം അതിലൊരു
വലിയ വനം അതാണെന്റെ മനം’ എന്ന കവിതാശകലം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കുറിപ്പില്‍
പറഞ്ഞത്. ഞങ്ങളുടെ സിനിമയ്ക്ക് ഇതിലപ്പുറം ഒരു അടയാളപ്പെടുത്തലില്ല ആ വലിയ ചിന്തകന്
ഓര്‍മ്മ പ്രമാണങ്ങള്‍ എന്നും കുറിപ്പില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഈ വരികള്‍ നല്‍കിയ
ഡിസി ബുക്ക്‌സിനും നന്ദി അറിയിച്ചിരുന്നു.
