# ‘ഭരത് ചന്ദ്രൻ’ വീണ്ടും: സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘കമ്മീഷണർ’ റീ-റിലീസിന് ഒരുങ്ങുന്നു

- Link: https://ml.b4blaze.com/film-news/bharath-chandran-again-suresh-gopis-super-hit-film-commissioner-is-getting-ready-for-a-re-release
- Published: 2025-11-25T11:45:16+05:30
- Author: Soorya S

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആക്ഷൻ ഹിറ്റുകളിൽ ഒന്നായ ‘കമ്മീഷണർ’ (1994) 31 
വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 
വഴിത്തിരിവായ ഈ ചിത്രം 4K അറ്റ്‌മോസ് സാങ്കേതിക വിദ്യയുടെ മികച്ച ദൃശ്യ-ശ്രാവ്യ മികവോടെയാണ്
റീ-റിലീസിന് ഒരുങ്ങുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത്, രൺജി പണിക്കർ തീപ്പൊരി ഡയലോഗുകൾ എഴുതിയ ഈ സിനിമ, 1994-
ൽ റിലീസ് ചെയ്തപ്പോൾ വലിയ സാമ്പത്തിക വിജയമായിരുന്നു നേടിയത്. സുരേഷ് ഗോപി അവതരിപ്പിച്ച
ഐപിഎസ് ഓഫീസർ ഭരത് ചന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
കേരളത്തിൽ മാത്രമല്ല, തെലുങ്ക്, തമിഴ് പതിപ്പുകളിലും ചിത്രം വൻ വിജയമായിരുന്നു. തെലുങ്കിൽ
നൂറ് ദിവസത്തിലധികം ചിത്രം പ്രദർശിപ്പിക്കുകയും സുരേഷ് ഗോപിക്ക് അന്യഭാഷകളിൽ വലിയ ആരാധക
പിന്തുണ നേടിക്കൊടുക്കുകയും ചെയ്തു.

പുതിയ സാങ്കേതിക മികവിൽ:

അടുത്ത വർഷം ജനുവരിയിൽ ചിത്രം റീ-റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ചിത്രത്തിന്റെ
പ്രധാന ആകർഷണങ്ങളിലൊന്നായ പശ്ചാത്തല സംഗീതം (BGM) പുതിയ പതിപ്പിൽ ബെന്നി ജോൺസൺ പുനരാവിഷ്കരിക്കുന്നുണ്ട്.

രതീഷ്, ശോഭന, രാജൻ പി. ദേവ്, വിജയരാഘവൻ, ബണേഷ് കുമാർ, ബൈജു സന്തോഷ് തുടങ്ങിയ താരങ്ങളും
അണിനിരന്ന ഈ ചിത്രം, 4K റീമാസ്റ്ററിങ്ങും അറ്റ്‌മോസ് മിക്‌സിങ്ങും പൂർത്തിയാക്കിയാണ്
വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമാ പ്രേമികൾക്ക് ഭരത് ചന്ദ്രന്റെ
തീവ്രമായ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പുതിയ ദൃശ്യാനുഭവത്തോടെ വീണ്ടും കാണാൻ അവസരം ലഭിക്കും.
