# താന്‍ ടൈല്‍സ് ഇട്ട കോളേജില്‍ ഗസ്റ്റ് ആയിട്ട് പോയി…അപൂര്‍വ്വമായ മനുഷ്യര്‍ക്ക് കിട്ടുന്ന അവസരമാണ്-ബിനീഷ് ബാസ്റ്റിന്‍

- Link: https://ml.b4blaze.com/film-news/bineesh-bastin-about-life-incident
- Published: 2024-02-03T21:28:48+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ജീവിതത്തില്‍ ഏറെ
പ്രതിസന്ധികള്‍ തരണം ചെയ്താണ് ബിനീഷ് താരമായി മാറിയത്. ടെലിവിഷന്‍ ഷോകളില്‍ സജീവതാരമാണ്
ബിനീഷ്. ഷോകളിലൂടെയാണ് താരം ആരാധകരെ സ്വന്തമാക്കിയത്. വളരെ സാധാരണക്കാരനായി ഏറെ കഷ്ടപ്പാടുകളിലൂടെയാണ്
ബിനീഷ് താരമായത്.

ഇപ്പോഴിതാ ബിനീഷ് തന്റെ പഴയകാല ജീവിതത്തിനെ കുറിച്ച് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഏഴ് വര്‍ഷം മുന്‍പ് വരെ തനിക്ക് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ടൈല്‍സിന്റെ പണിയായിരുന്നു.
സ്റ്റേജ് പരിപാടികളൊക്കെ പുറകില്‍ നിന്നും കണ്ടിരുന്ന ആളാണ്.

അന്ന് നാല് ദിവസമെ പണിക്ക് പോകൂള്ളൂ. തിങ്കളും ചൊവ്വയും ലീവ് എടുക്കും. ശനിയാഴ്ച കിട്ടുന്ന
തുകയില്‍ നിന്നും കുറച്ച് അമ്മച്ചിക്ക് കൊടുക്കും. പിറ്റേദിവസം മാര്‍ക്കറ്റില്‍ പോയി
മീനോ ചിക്കനോ ബീഫോ വാങ്ങി ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം കഴിക്കും. അക്കാലത്ത് ഞായറാഴ്ചയാണ്
നല്ല ഭക്ഷണം കഴിക്കുന്നത്. വൈകുന്നേരം സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറുതടിക്കും. അതിന്റെ
ക്ഷീണം ആകും തിങ്കളാഴ്ച.
  ചൊവ്വാഴ്ച പണി സ്ഥലത്ത് പോയിട്ട് തിരിച്ചു വരും. എവിടെയെങ്കിലും
സിനിമയുടെ പൂജ നടക്കുന്നിടത്ത് പോയി ചാന്‍സ് ചോദിക്കും. ബുധനാഴ്ച ആകുമ്പോള്‍ അഞ്ചിന്റെ
പൈസ കാണില്ല. അമ്മച്ചീടെ കയ്യില്‍ നിന്നും പത്ത് രൂപ മേടിച്ച് പണിക്ക് പോകും. അന്ന്
പത്ത് രൂപയ്ക്ക് വലിയ വിലയാണ്. എത്ര വലിയ സെലിബ്രിറ്റിയായാലും നല്ല കാലം എന്നത് പണിക്ക്
പോകുന്നതും പഠിക്കുന്നതുമായ കാലമാണെന്നും താരം പറയുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം രണ്ട് കാര്‍ ആണ്. ഇപ്പോള്‍ വീട് വയ്ക്കുന്നു.
പണ്ട് നോണ്‍ വെജ് ആഹാരം കഴിക്കാനുള്ള മോഹം ഉണ്ടായിരുന്നു. അന്ന് പൈസ ഇല്ലായിരുന്നു.
ഇന്ന് ചിക്കന്‍ സ്റ്റാള്‍ മൊത്തം വാങ്ങിക്കാനുള്ള പൈസ കിട്ടിയപ്പോള്‍, ജീവിതത്തില്‍
പഥ്യമായി. ആദ്യകാലങ്ങളില്‍ കഴിക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കഴിക്കാന്‍ പറ്റാതായി.
എനിക്കിപ്പോള്‍ ആഹാരമൊന്നും അധികം കഴിക്കാന്‍ പറ്റില്ല. കൊളസ്‌ട്രോളും കാര്യങ്ങളുമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ക്കും ഗസ്റ്റ് ആയി പോയിട്ടുള്ള കൂലിപ്പണിക്കാരനാണ്
താന്‍ എന്നും ബിനീഷ് പറയുന്നു.
  ടൈല്‍സിന്റെ പണിക്ക് അന്ന് കിട്ടിയിരുന്നത് 900 രൂപയാണ്.
ഇന്ന് ഒരു ദിവസം ഒരു ലക്ഷം രൂപ വരെ സമ്പാദിച്ച ദിവസങ്ങളുണ്ട്. എന്റെ പ്രയത്‌നത്തിന്റെ
ഫലമാണ് എല്ലാം. എന്നെ തന്നെ ബ്രാന്‍ഡ് ആയിട്ട് കാണുന്ന ആളാണ് താന്‍ എന്നും താരം പറയുന്നു.
തന്നെ പ്രമോട്ട് ചെയ്യാനൊന്നും ആരും ഉണ്ടായിട്ടില്ല.

ചെറിയ കൂലിയാണെങ്കിലും പണിക്ക് പോകണം. അലസന്മാരായി നടക്കരുത്. പണിയും കഴിഞ്ഞ് വരുമ്പോള്‍
ഒരുസുഖമാണ്. ഞാന്‍ പണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലിലും കോളേജുകളിലൊക്കെ ടൈല്‍സ് ഇട്ടിട്ടുണ്ട്.
അന്നൊന്നും ഞാന്‍ ഓര്‍ത്തില്ല ഭാവിയില്‍ ഞാന്‍ തന്നെ അവിടെയൊക്കെ ഗസ്റ്റ് ആയും താമസിക്കാനും
പോകുമെന്ന്.
  അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ മനുഷ്യര്‍ക്ക് കിട്ടുന്ന അവസരമാണ്. ഫൈവ്
സ്റ്റാര്‍ ഹോട്ടലിലൊക്കെ ടൈല്‍സ് ഇട്ടിട്ട് ബെഡ്‌റൂമില്‍ കയറി കിടക്കും. ആ സമയത്തൊക്കെ
വലിയ പൊടി ആയിരിക്കും. ആറ് ഏഴ് വര്‍ഷം കഴിഞ്ഞ് ആ ഹോട്ടലില്‍ തന്നെ ഞാന്‍ താമസിക്കാന്‍
എത്തി, ടൈല്‍സ് ഇട്ട കോളേജില്‍ ഗസ്റ്റ് ആയിട്ട് പോയിട്ടുണ്ട്.

ടീമേ, നമ്മള്‍ നമ്മളെ തന്നെ സ്റ്റാറായിട്ട് കാണണം. നൂറിലേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്.
80തോളം പടത്തില്‍ കളിയാക്കലുകള്‍ മാത്രമെ കിട്ടിയിട്ടുള്ളൂ. ഒരു പരിപാടിയില്‍ ഒഴിഞ്ഞ്
കിടന്ന കസേരയില്‍ ഞാന്‍ ഇരുന്നു. പരിപാടി തുടങ്ങാറായപ്പോള്‍ ഗസ്റ്റിന്റെ സുഹൃത്തുക്കളെ
ഇരുത്താന്‍ എന്നെ പിടിച്ച് മാറ്റി. കുറേ വര്‍ഷം മുന്‍പാണ്, അന്ന് ഞാന്‍ ശ്രദ്ധേയനായിട്ടില്ല.
അന്ന് താന്‍ ചമ്മി പോയി, അന്ന് തുടങ്ങി ഒഴിഞ്ഞ് കസേര കാണുമ്പോള്‍ പേടിയാണ്. ഇപ്പോള്‍
ഗസ്റ്റ് ആയിട്ടും ഉദ്ഘാടകനായിട്ടുമൊക്കെയാണ് വിളിക്കുന്നത്.
