# രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിൽ; സൽമാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ്

- Link: https://ml.b4blaze.com/film-news/bjp-mla-ashish-meets-salman-khan-ahead-of-ls-polls
- Published: 2024-04-09T16:33:52+05:30
- Author: Ajay

രാജ്യമാകെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ കത്തുമ്പോൾ ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയിൽ
സന്ദർശനം നടത്തി ബിജെപി നേതാവ്. മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ ആണ് സൽമാൻ ഖാനെ 
കാണാൻ എത്തിയത്. സൽമാൻ ഖാൻ, പിതാവും വെറ്ററൻ ബോളിവുഡ് നടനും നിർമാതാവുമായ സാലിം ഖാൻ,
ഭാര്യ ഹെലെൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഷെലാർ തന്നെയാണ് കൂടിക്കാഴ്ചയുടെ
ചിത്രം പങ്കുവെച്ചത്.

ബാന്ദ്ര വെസ്റ്റ് എം എൽ എ കൂടിയാണ് ആശിഷ് ഷെലാർ. മുംബൈ ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള
സൽമാൻ ഖാന്റെ വസതിയിലാണ് ബിജെപി നേതാവ് ഇന്നലെ എത്തിയത്. സാലിം ഖാൻ, ഹെലൻ, സൽമാൻ ഖാൻ
എന്നിവരെയും കുടുംബത്തെയും ഉച്ചയൂണിനൊപ്പം കാണാനായതിന്റെ സന്തോഷത്തിലാണെന്ന് അദ്ദേഹം
സോഷ്യൽ മീഡിയയിൽ കുറിച്ചു.

സാലിം ഖാൻ തുടക്കം കുറിക്കുകയും രണ്ടു പതിറ്റാണ്ടോളമായി നിസ്വാർഥമായി തുടരുകയും ചെയ്യുന്ന
ആരോഗ്യപരിചരണ, ജീവകാരുണ്യ രംഗത്തെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചെല്ലാം ചർച്ച ചെയ്‌തെന്നും
ആശിഷ് കുറിച്ചു. സാലിം ഖാനും സൽമാൻ ഖാനും ഒപ്പമുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയുള്ള ബിജെപി നേതാവിന്റെ സന്ദർശനം ഒട്ടേറെ അഭ്യൂഹങ്ങൾക്കും
കാരണമാകുന്നുണ്ട്.
