# ഹൃദയം കടന്ന് പോയ അതേ വഴിയിൽ കൂടെ വീണ്ടും വിനീത്, നൊസ്റ്റു മയം! വിനൈൽ റെക്കോർഡ് റിലീസ് ചെയ്തു

- Link: https://ml.b4blaze.com/film-news/bombay-jayashri-launched-the-vinyl-record-of-varshangalkku-shesham
- Published: 2024-04-09T14:55:19+05:30
- Author: Ajay

മലയാളി പ്രേക്ഷകർക്ക് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും
വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായിപ്രേക്ഷകർ
ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഗാനങ്ങളുടെ വിനൈൽ റെക്കോർഡ്
റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ കോപ്പി പ്രശസ്ത ഗായിക ബോംബെ ജയശ്രീയ്ക്ക് സമ്മാനിച്ചുകൊണ്ടാണ്
വിനൈൽ റെക്കോർഡ് പുറത്തിറക്കിയത്.

വിനീതിന്റെ കഴിഞ്ഞ സിനിമയായ ഹൃദയത്തിന്റെ റിലീസിന്റെ ഭാഗമായി ഗാനങ്ങളുടെ കാസറ്റ് പുറത്തിറക്കിയിരുന്നു.
ഇത് നിരവധി പേർ ഇഷ്ടത്തോടെ വാങ്ങിയിരുന്നു. ബോംബെ ജയശ്രീയ്ക്ക് വിനൈൽ റെക്കോർഡ് സമ്മാനിക്കുന്ന
വീഡിയോ വിനീത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തിങ്ക് മ്യൂസിക്കാണ് റെക്കോർഡുകൾ
വിൽപ്പനയ്ക്കിറക്കുന്നത്. പ്രേക്ഷകർക്കും ഇത് വാങ്ങാവുന്നതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/varshangalkk1.jpg?
resize=1171%2C610&ssl=1)

കാസറ്റിന്റെ വരവോടെ കാലഹരണപ്പെട്ടു പോയ പാട്ട് പെട്ടിയാണ് ഗ്രാമഫോൺ. ഗ്രാമഫോണിൽ ഉപയോഗിക്കുന്ന
ഫോണോഗ്രാഫ് ഡിസ്‌ക് അഥവാ റെക്കോർഡുകളെ ആണ് വിനൈൽ റെക്കോർഡ് എന്നു പറയുന്നത്. വിനീത്
ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ
ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് 
രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ,
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന
ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ
എത്തിക്കുന്നത്.
